സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍
സിംഗപ്പൂര്‍: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് പി.വി സിന്ധുവിന് സിംഗപ്പൂര്‍ ഓപണില്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റ് ചാംപ്യന്‍ നോസോമി ഒകുഹാരയെ വീഴ്ത്തി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 10-21, 21-15, 22-20. ഇന്തോനേഷ്യയുടെ ഫിത്രിയാനി ഫിത്രിയാനിയാണ് രണ്ടാം റൗണ്ടിലെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ബി സായ് പ്രണീതും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ എമില്‍ ഹോള്‍സ്റ്റിനെയാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 21-7, 21-19. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സായ് പ്രണീത് മത്സരം സ്വന്തമാക്കിയത്. ചൈനയുടെ ക്വാവോ ബിന്നാണ് അടുത്ത റൗണ്ടില്‍ താരത്തിന്റെ എതിരാളി.
വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. മലേഷ്യന്‍ ജോഡി യിന്‍ ലൂ ലിം-യാപ് ചെങ് വെന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-19. അതേസമയം പുരുഷ വിഭാഗത്തിലെ മറ്റ് സിംഗിള്‍സ് മത്സരങ്ങളില്‍ റിതുപര്‍ണ ദാസും സൗരഭ്-സമീര്‍ വര്‍മയും പരാജയപ്പെട്ടു. സൗരഭ് ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയോടാണ് തോറ്റത്. സ്‌കോര്‍ 15-21, 14-21. സമീര്‍ ഹോങ്കോങിന്റെ ഹു യുന്നിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 26-28, 21-23.
റിതുപര്‍ണ ദാസ് ചൈനീസ് തായ് പേയുടെ സു യാ ചിങിനോടാണ് തോല്‍വി രുചിച്ചത്. സ്‌കോര്‍ 18-21, 13-21. മിക്‌സഡ് ഡബിള്‍സില്‍ സത്‌വിക് സായ്‌രാജ്-മനീഷ സഖ്യവും മനു അത്രി-സുമീത് റെഡ്ഡി സഖ്യവും കനത്ത തോല്‍വിയേറ്റു വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."