മലപ്പുറം പ്രസ്ക്ലബ് ആക്രമണം ഒരു ആര്.എസ്.എസുകാരന്കൂടി അറസ്റ്റില്‍
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ പ്രസ്ക്ലബില്‍ അതിക്രമിച്ചുകയറി മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഒരു ആര്.എസ്.എസ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റിലായി. തിരൂരങ്ങാടി പടിഞ്ഞാറെപുരക്കല്‍ നിധീഷി (26)നെയാണ് ഇന്നലെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ മലപ്പുറം സി.ഐ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരൂരങ്ങാടിയിലുള്ള വീട്ടില്‍നിന്നു പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. വാഴക്കാട് ചെറുവായൂര്‍ ദിലീപ്കുമാര് (31), ചെറുവായൂര്‍ ഷിബു (30) എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.
കഴിഞ്ഞ മെയ് മൂന്നിനു രാവിലെ 11.30ഓടെയാണ് പ്രസ്ക്ലബിലേക്കു പത്തോളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ആര്.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്ത്തകന് ഫുആദ് സനീനെ പ്രസ്ക്ലബില്‍ കയറി ആക്രമിക്കുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചുവീണ ആനക്കയം പെരിമ്പലം സ്വദേശി അബ്ദുല്ല ഫവാസിനും സംഭവത്തില്‍ പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഏഴു പ്രതികളെക്കൂടി പിടികൂടാനുണ്ട്.
ഇന്നലെ അറസ്റ്റിലായ പ്രതിയെ മലപ്പുറം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്.ഐ ബേബി, എ.എസ്.ഐ മുഹമ്മദ്, സി.പി.ഒ അയ്യപ്പന് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."