മംഗലാംകുന്ന് ഗുരുവായൂരപ്പന്‍ വിടവാങ്ങി
ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി.മംഗലാംകുന്ന് ഗുരുവായൂരപ്പന്‍ എന്ന ഗജവീരനാണ് ചരിഞ്ഞത്. 55 വയസ്സായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം
വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിലെ പൂരങ്ങള്‍ക്കും, ഉത്സവങ്ങള്‍ക്കും നിറസാന്നിധ്യമായിരുന്ന ഗുരുവായൂരപ്പന്‍. തലയെടുപ്പുള്ള ഗജവീരന്‍ കഴിഞ്ഞ സീസണിലെ ഉത്സവങ്ങളിലും എഴുന്നെള്ളിപ്പിനെത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി എരണ്ടക്കെട്ടും ഛര്‍ദ്ദിയും ബാധിച്ചു ചികിത്സയിലായിരുന്നു.കോട്ടയത്തു നിന്നുള്ള മുന്‍ വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചികിത്സയും നടത്തിവന്നു.16 വര്‍ഷം മുമ്പാണ് ഗുരുവായൂരപ്പന്‍ മംഗലാംകുന്ന് ആനത്തറവാട്ടിലെത്തുന്നത്.
ഗുരുവായൂരപ്പന്റെ വിയോഗത്തിലൂടെ ഗുരുവായൂര്‍ ആനകോട്ട കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിക്ക് ഏറ്റവും കൂടുതല്‍ ആനകളുള്ള മംഗലാംകുന്നു ആനത്തറവാട്ടിലെ ആനകളുടെ അംഗ സംഖ്യ 11 ആയി ചുരുങ്ങി. മംഗലാംകുന്ന് തറവാട്ടില്‍ നിന്നും ഒരു വര്‍ഷത്തിനിടെ ചെരിയുന്ന മൂന്നാമത്തെ ഗജവീരനാണ് ഗുരുവായൂരപ്പന്‍. ഏതാനും മാസങ്ങള്‍ക് മുമ്പ് കൃഷ്ണന്‍ കുട്ടിയും, അതിനു മുന്‍പ് വിജയനും വിടവാങ്ങിയിരുന്നു. രാത്രി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ വാളയാര്‍ കാട്ടില്‍ സംസ്‌ക്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."