കാലിത്തീറ്റ വിപണിയില്‍ 50 ശതമാനം വിറ്റുവരവ് ലക്ഷ്യമിട്ട് കേരള ഫീഡ്‌സ്
കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയില്‍ 50 ശതമാനം ലാഭവിഹിതം ലക്ഷ്യമിടുന്നതായി കേരള ഫീഡ്‌സ് എം.ഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ അത് 500 കോടി രൂപയാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സ്വകാര്യ കാലിത്തീറ്റ കുത്തകകളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നത് കേരള ഫീഡ്‌സ് ആണ്. അത് തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 75 ലക്ഷം രൂപ പ്രവര്‍ത്തന ലാഭം കമ്പനി നേടിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് എല്ലാം തകിടം മറിഞ്ഞു. ഏഴു ജില്ലകളിലെ കര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു. സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെങ്കിലും പ്രളയം കഴിഞ്ഞ് ആറു മാസത്തേക്ക് കാലിത്തീറ്റയ്ക്ക് വില വര്‍ധിപ്പിക്കാന്‍ കേരള ഫീഡ്‌സ് തയ്യാറായില്ല. കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില 35 ശതമാനമാണ് കൂടിയത്. പ്രളയ ദുരിതത്തില്‍ നിന്നും കര്‍ഷകര്‍ കര കയറിയതിനു ശേഷം ചാക്കൊന്നിന് 25 രൂപ നിരക്കില്‍ നാമമാത്രമായ വില വര്‍ധനയാണ് വരുത്തിയതെന്നും ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേരള ഫീഡ്‌സിന് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്. ദിവസവും 1250 ടണ്‍ കാലിത്തീറ്റയാണ് കേരള ഫീഡ്‌സിന്റെ മൂന്ന് ഫാക്ടറികളില്‍ നിന്നായി സംസ്ഥാനത്തെ വിപണിയിലേക്കെത്തുന്നത്. തൊടുപുഴയിലെ 500 ടണ്‍ ശേഷിയുള്ള അത്യാധുനിക ഉത്പാദന യൂനിറ്റ് സജ്ജമാകുന്നതോടെ ഇത് 1750 ടണ്ണായി ഉയരും. നാഷനല്‍ കോഓപറേറ്റീവ് ഡയറി ഫെഡറേഷനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ് ഇന്ദുശേഖരന്‍ നായര്‍ അറിയിച്ചു. നിലവില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഇ ടെന്‍ഡര്‍ പോര്‍ട്ടല്‍ വഴിയാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിക്കുന്നത്. നേരിട്ടുള്ള സംഭരണത്തിന്റെ സാധ്യതകളും കമ്പനി ആരായുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."