അടുക്കളപ്പണിയുടെ അവസ്ഥാന്തരങ്ങള്‍
യജമാന സ്‌നേഹത്തിന്റെയും വിധേയത്വത്തിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതീകമായാണ് മനുഷ്യനും ശ്വാനനും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തിപ്പോരുന്നത്. കൊച്ചമ്മക്കിഴുക്കു കൊള്ളാനും അടുക്കളപ്പണിയെടുക്കാനും പട്ടികളെ പരിപാലിക്കാനും ആയോധന പരിശീലനം നേടിയ ആയിരത്തിലധികം കാവല്‍ ജീവികള്‍ കേരളത്തിന്റെ സ്വന്തം സേനയില്‍ നിന്ന് വിന്യസിക്കപ്പെട്ട് പോരുന്നു എന്ന വിഷയവും തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിനു മേല്‍ വിധേയത്വ സംസ്‌കാരത്തിന്റെ ഏറ്റവും മലീമസമായ അഴുക്കടയാളങ്ങള്‍ കോറിയിട്ട ഇന്ദ്രപ്രസ്ഥത്തിലെ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥ വര്‍ഗവുമാണ് ആഴത്തില്‍ വേരു പടര്‍ത്തിയ അധികാര ദുഷ്പ്രയോഗത്തിന്റെ വിവിധ അവസ്ഥകളെ ഈ അടുത്ത കാലത്ത് മുഴച്ചു നിര്‍ത്തിയത്. ഒരു രൂപയുടെ ഉപ്പ് വാങ്ങുമ്പോള്‍ കൃത്യമായി നികുതി കൊടുത്തുപോരുന്ന ജനതക്ക് വേണ്ടി സേവനത്തിനിറങ്ങിയവര്‍, ആര്‍ക്ക് വേണ്ടി എന്ത് തരം ജോലിയാണ് മാസപ്പടി പറ്റി ചെയ്തു കൂട്ടുന്നത് എന്ന ചര്‍ച്ചയെ ഈ വിഷയങ്ങള്‍ പ്രതിനിധീകരിക്കുകയുണ്ടായി.
കാക്കിയിടാതെ, ആഴ്ചക്കവാത്ത് നടത്താതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് കാലം കഴിച്ചു കൂട്ടുന്ന ഉപശാലപ്പണിക്കാരാണ് ഒരു കൂട്ടരെങ്കില്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം കല്‍പിച്ചു നല്‍കിയ ഉത്തരവാദിത്വത്തില്‍ നിന്ന് തടി തപ്പാന്‍ അധികാര ദുരമൂത്ത ഒരു മേലധികാരിയുടെ ആജ്ഞാനുവര്‍ത്തികളായി നാല് മാസത്തോളം തല മറന്ന് എണ്ണ തേച്ചവരാണ് ഡല്‍ഹിയിലെ ഐ.എ.എസുകാര്‍.
നാലു മാസത്തോളം, നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥ വൃന്ദത്തെ നേര്‍വഴിക്ക് കൊണ്ടുവരാനും റേഷന്‍ വിതരണം വീട്ടുപടിക്കലെത്തിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിക്ക് അംഗീകാരം ലഭിക്കാനുമായി ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് സര്‍വാധികാര്യക്കാരനായ ലഫ്റ്റനന്റ് ഗവര്‍ണറുടെ പൂമുഖത്ത് ഒരാഴ്ചയിലധികം രാപകലില്ലാതെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഡല്‍ഹിയില്‍ ഉണ്ടായത്. സ്വന്തം ഉമ്മറത്തു വന്ന മുഖ്യമന്ത്രിയെ ഒരു നോക്കു കാണാനോ ആവലാതി കേള്‍ക്കാനോ ആ അധികാര കേന്ദ്രം മുതിര്‍ന്നില്ല എന്നതാണ് വസ്തുത.
ഉദ്യോഗസ്ഥ സമൂഹത്തെ യഥാര്‍ഥ ജനസേവന മാര്‍ഗത്തിലേക്ക് നയിക്കുകവഴി നാല്‍പ്പതിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഓരോ ഡല്‍ഹി നിവാസിയുടെയും വീട്ടുപടിക്കലെത്തിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ ഭരണകൂടം തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം ഒട്ടൊന്നുമല്ല ഉദ്യോഗസ്ഥ വൃന്ദത്തെ അലോസരപ്പെടുത്തിയത്. ആ പരിശ്രമങ്ങളുടെ നട്ടെല്ലൊടിക്കാന്‍ നാല് മാസത്തോളമായി നിഷേധ ഭാവത്തില്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുമ്പെട്ടതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.
വാക്കയ്‌പൊത്തി സര്‍ വിളികളുമായി കാര്യാലയ മേശയ്ക്കപ്പുറത്ത് കാര്യസാധ്യത്തിനായി യാചനാഭാവത്തില്‍ നിന്ന സാധാരണ പൗരനെ കണ്ട് മാത്രം ശീലമുള്ള, അവര്‍ അങ്ങനെ തന്നെ തുടര്‍ന്നും പെരുമാറണം എന്ന ദുര്‍വാശിയുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരവിന്ദ് കെജ്‌രിവാള്‍ ഭരണകൂടം മുന്നോട്ടുവച്ച നവ സമീപനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ മുന്നോട്ടു വന്നതില്‍ അത്ഭുതപ്പെടാനില്ല. സമൂഹത്തില്‍ പ്രത്യേക പരിഗണനക്ക് അര്‍ഹരാണ് തങ്ങളെന്ന് മേനി നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറിന്റെ സേവനങ്ങള്‍ സാധാരണ പൗരന്റെ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കേണ്ടി വരിക എന്ന നില ഒരു തരത്തിലും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യം തന്നെയാണ്.
സംസ്ഥാനത്തെ റവന്യൂ വരവിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വിനിയോഗിക്കപ്പെട്ടു പോരുന്ന ധനവിനിയോഗത്തെ പഞ്ചപുച്ഛമടക്കി തന്നെയാണ് ഓരോ പൗരനും നാളിതുവരെ അഭിസംബോധന ചെയ്തു പോന്നത്. യജമാന ഭൃത്യഭാവത്തില്‍ കെട്ടിപ്പടുക്കപ്പെട്ട കൊളോണിയല്‍ ഉദ്യോഗസ്ഥ ഘടനയുടെ തുടര്‍ച്ച പിന്‍പറ്റിപ്പോരുന്ന നമ്മുടെ രാജ്യത്ത് മാറാതെ തുടര്‍ന്നു പോരുന്നതും ഈയൊരു മനോഭാവം തന്നെയാണ്. സുഘടിതമായും സ്ഥിര ഭാവത്തിലും പ്രവര്‍ത്തിച്ചു പോരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തിണ്ണമിടുക്കിന് തുല്യം ചാര്‍ത്തിപ്പോരുന്ന കീഴ്‌വഴക്കമാണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇളക്കി പ്രതിഷ്ഠിക്കപ്പെടുന്ന ജനായത്ത ഭരണകൂടങ്ങളും ഇക്കാലമത്രയും ചെയ്തു പോന്നത്. ഒരു ജനത സൃഷ്ടിച്ച് ആ ജനതക്കു തന്നെ കൈമാറിയ അധികാരാവകാശങ്ങളോടെ രൂപീകൃതമായ ഒരു ഭരണഘടന പുലരുന്ന നാട്ടില്‍ ചുമതലകള്‍ ഏല്‍പ്പിച്ചവര്‍ ഭൃത്യരും ചുമതലപ്പെട്ടവര്‍ യജമാനരും ആവുന്ന വൈരുധ്യം അങ്ങനെ കാലങ്ങളായി തുടര്‍ന്നു പോരുന്നു.
ഇന്ത്യന്‍ ജനാധിപത്യം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടതിന്റെ ജരാനരകള്‍ കുടഞ്ഞെറിയണമെങ്കില്‍ അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും ജഢില യാഥാര്‍ഥ്യമായി തുടര്‍ന്നു പോരുന്ന ഉദ്യോഗസ്ഥ സംവിധാനത്തെ അടിമുടി പൊളിച്ചുപണിതേ മതിയാകൂ എന്ന ചര്‍ച്ചയാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നത്.
ഒരു ജനത കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ കുടിവെള്ളവും വൈദ്യുതിയും അനുബന്ധ സേവനങ്ങളും മറ്റും താറുമാറാകുന്നതു പോലും കണക്കിലെടുക്കാതെ നൂറ് നാളുകള്‍ക്കപ്പുറവും നിഷേധാത്മക നിലപാട് തുടരാനറയ്ക്കാത്ത ഒരു സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തെ വീണ്ടും ഉത്തരവാദിത്വമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് നിര്‍ബന്ധിതരാക്കാന്‍ ആയിരക്കണക്കിന് ഡല്‍ഹി നിവാസികള്‍ക്ക് പ്രതിഷേധവുമായി ഒടുവില്‍ തെരുവിലിറങ്ങേണ്ടി വന്നു. സ്വന്തം സംസ്ഥാനം നേരിടുന്ന തീക്ഷ്ണ യാഥാര്‍ഥ്യങ്ങളിലേക്ക് രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്ക് കീഴ്‌വഴക്കം ലംഘിച്ച് പെരുമാറേണ്ടി വന്നു.
ഉപമുഖ്യമന്ത്രിക്കും കാബിനറ്റ് അംങ്ങള്‍ക്കും നിരാഹാര സമരത്തോളം ചെല്ലുന്ന പ്രതിഷേധത്തിലേര്‍പ്പെടണമെന്ന നില വന്നു.ഫെഡറല്‍ ഘടന മുറുകെ പിടിക്കേണ്ട കേന്ദ്ര ഭരണകൂടം നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥരെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറെ ജനാധിപത്യവിരുദ്ധമായി പിന്തുണയ്ക്കുന്ന സമീപനത്തിനെതിരേ ഇതര സംസ്ഥാനങ്ങളിലെ നാല് മുഖ്യമന്ത്രിമാര്‍ക്ക് നിലപാട് സ്വീകരിക്കേണ്ട സാഹചര്യവും സംജാതമാക്കി.രാജ്യ തലസ്ഥാനം കുടികൊള്ളുന്ന പ്രദേശമെന്ന നിലയില്‍ പരിമിത അധികാരങ്ങളോടുകൂടി വളരെ വൈകി മാത്രം സംസ്ഥാന പദവി ആര്‍ജിച്ച ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് തുടരെ ഇറക്കിയ പ്രകടനപത്രികകളില്‍ ജനങ്ങള്‍ക്കു മുമ്പില്‍ വാഗ്ദാനം നിരത്തുകയും സംസ്ഥാന രൂപീകരണ കാലം മുതല്‍ മാറി മാറി ഭരിച്ചു പോരുകയും ചെയ്ത ശക്തികള്‍ തുല്യ ആവേശത്തോടെ സ്വന്തം ജനതയുടെ ചിരകാല ആവശ്യത്തിനെതിരേ ഒന്നിച്ചു നില്‍ക്കുന്ന വൈരുധ്യവും ഇക്കാര്യത്തില്‍ പുറത്തുവന്നു.
ഭരണഘടനാപരമായി ലഭിച്ച അധികാരം ജനഹിതത്തിന് അനുസൃതമായ നിലയില്‍ വിനിയോഗിക്കാതിരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് തെളിയിക്കാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ കെട്ടിയിറക്കലുകളായി പദവിയിലെത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയില്‍ കാര്യമായി ശ്രമിച്ചു പോരുന്നത്. നേരത്തെ ഡല്‍ഹി സര്‍ക്കാറിന് ഉണ്ടായിരുന്ന അധികാരങ്ങള്‍ പോലും കക്ഷിരാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ മാത്രം കവര്‍ന്നെടുത്ത്, കേന്ദ്ര ഗവണ്‍മെന്റ് പിന്തുടരുന്ന ഫെഡറല്‍ തത്വ ലംഘനത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഭൃത്യഭാവം തുടര്‍ച്ചയായി വെളിവാക്കപ്പെടുന്നത്.
ഉദ്യോഗസ്ഥരെ വിന്യസിക്കാനും പുനര്‍വിന്യസിക്കാനുമുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിക്ഷിപ്തമാണെന്നിരിക്കെ അദ്ദേഹത്തിന്റെ കീഴില്‍ തുടരുന്ന ഉദ്യോഗസ്ഥ വൃന്ദം നിര്‍ലജ്ജം ഭൃത്യഭാവം വച്ചു പുലര്‍ത്തുന്നതും നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണ കൂടങ്ങള്‍ക്ക് പോലും അനക്കാന്‍ കഴിയാത്ത വിധം വലിയ ഭാരമായി അത് ഉറച്ചു പോയിരിക്കുന്നു.
തികച്ചും ജന വിരുദ്ധമായ സമീപനത്തിന്റെ യന്ത്രസ്വഭാവമായി ഉദ്യോഗസ്ഥ സംവിധാനം തുടരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. എല്ലാറ്റിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് യജമാന ഭൃത്യഭാവത്തില്‍ വിന്യസിച്ച് പരിപാലിക്കപ്പെട്ട് പോരുന്ന കൊളോണിയല്‍ ബ്യൂറോക്രസിയുടെ തുടര്‍ച്ച തന്നെ.
ഈ യജമാന ഭൃത്യഭാവത്തിന്റെ ഒരറ്റമാണ് ഡല്‍ഹിയില്‍ കണ്ടതെങ്കില്‍ അതിന്റെ മറ്റേ അറ്റമാണ് ആയിരത്തിലധികം പൊലിസുകാരുടെ ദാസ്യ പ്പണിയിലൂടെ നാം കേരളത്തില്‍ കണ്ടത്. കാര്യാലയ മേശയ്ക്കിപ്പുറത്തിരുത്തിയവര്‍ക്ക് വേണ്ടി, അവര്‍ നല്‍കിപ്പോരുന്ന നികുതിപ്പണത്തിന്റെ ഏറിയകൂറും കൂലിയായി സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍ തല മറന്ന് എണ്ണ തേയ്ക്കുന്നത് ആരാലും ശ്രദ്ധിക്കപ്പെടാതെ തുടരും എന്ന് കരുതുന്നത് അത്ര ഉചിതമാവില്ലെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."