സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടിസ്
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ്. സഭയില്‍ നിന്ന് സ്വയം പുറത്തുപോകണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചുകൊണ്ടുള്ള സഭയുടെ നോട്ടിസാണ് വ്യാഴാഴ്ച സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചത്. ബിഷപ്പ് ഫ്രാങ്കോക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തതിനുശേഷം അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇത് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടിസാണ് ലൂസിക്ക് ലഭിക്കുന്നത്.
നേരത്തേ രണ്ടുതവണയും സിസ്റ്റര്‍ ലൂസി നോട്ടിസിന് മറുപടി നല്‍കിയിരുന്നു. സഭയില്‍ നിന്ന് പുറത്തുപോകണം. അതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുതരും. പുറത്തുപോകുന്നില്ലെങ്കില്‍ അതിനുള്ള കാരണംകാണിക്കാനാണ് ഇപ്പോള്‍ നല്കിയ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 16ന് മുന്‍പ് മറുപടി നല്‍കാനാണ് പുതിയ നോട്ടിസിലുള്ളത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണ്. കാര്‍ വാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടിസില്‍ പറയുന്നു. എന്നാല്‍, സഭയില്‍ നിന്ന് പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."