ശബരിമല ലെയ്സണ്‍ ഓഫിസര്‍ നിയമനം റദ്ദുചെയ്തതിനു പിന്നില്‍ സി.പി.എം
കൊച്ചി: ശബരിമല ലെയ്സണ്‍ ഓഫിസര്‍ സ്ഥാനത്തുനിന്ന് വി.കെ. രാജഗോപാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തെറിച്ചത് സി.പി.എം സമ്മര്‍ദത്തെ തുടര്‍ന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ലെയ്സണ്‍ ഓഫിസര്‍ നിയമനം കഴിഞ്ഞ ദിവസമാണ് റദ്ദ് ചെയ്തത്. ഇതിനു പിന്നില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിനുമേല്‍ പാര്‍ട്ടിയില്‍ നിന്നുവന്ന കനത്ത സമ്മര്‍ദമാണ്. ബോര്‍ഡിലെ ഒരു മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് സമ്മര്ദമുണ്ടായതെന്നാണ് വിവരം. നിയമനം നടത്തി ഏഴ് ദിവസത്തിനു ശേഷമാണ് അത് റദ്ദുചെയ്യാന്‍ ബോര്‍ഡ് തീരുമാനിക്കുന്നത്.
രാജഗോപാല്‍ ആര്.എസ്.എസ് അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ കുറിപ്പിട്ട ആളാണെന്നുമുള്ള സി.പി.എം പ്രചരണമാണ് നിയമനം റദ്ദു ചെയ്തതിനു പിന്നിലെന്നാണ് വിവരം. പ്രയാര്‍ ഗോപാലകൃഷ്ണനെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതടക്കമുള്ള വിഷയങ്ങളില്‍ പിണറായിക്കെതിരേ ഇയാള്‍ പോസ്റ്റിട്ടിരുന്നുവെന്നും പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. എസ്.എന്‍.ഡി.പി അടക്കമുള്ളവരും പ്രതിഷേധവുമായി ബോര്‍ഡിനേയും സര്‍ക്കാരിനേയും സമീപിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
നിലവില്‍ രാജഗോപാല്‍ അയ്യപ്പസേവാ സംഘം, ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്, ഹിന്ദുമതപാഠശാല അധ്യാപക പരിഷത്ത് തുടങ്ങിയവയുടെ ഭാരവാഹിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."