യു.പിയില്‍ മുലായത്തിന്റെ മരുമകളും മത്സര രംഗത്ത്
ലഖ്നൗ: മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ഉള്‍പെടെയുള്ള അഞ്ചു സ്ഥാനാര്‍ഥികളുടെ പട്ടിക സമാജ് വാദി പാര്‍ട്ടി ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. മുലായത്തിന്റെ പേര് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
യു.പിയിലെ സംബാല്‍ മണ്ഡലത്തില്‍നിന്നാണ് അപര്‍ണ മത്സരിക്കുക. നേരത്തെ തന്നെ ഇവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ്.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് സംബാല്‍. രണ്ടു തവണ ഇവിടെനിന്ന് മുലായം ജയിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും എസ്.പി ദേശീയ ജന. സെക്രട്ടറിയുമായ രാം ഗോപാല്‍ യാദവും ഒരുതവണ ഇവിടെനിന്ന് വിജയിച്ചിട്ടുണ്ട്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപര്‍ണ മത്സരിച്ചിരുന്നു. ലഖ്നൗ സെന്‍ട്രല്‍ സീറ്റില്‍ നിന്നായിരുന്നു അവര്‍ ജനവിധി തേടിയിരുന്നത്. മുലായവും അഖിലേഷും അദ്ദേഹത്തിന്റെ ഭാര്യ ഡിംപിള്‍ യാദവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടും അപര്ണയ്ക്ക് ഇവിടെ വിജയിക്കാനായില്ല.
അഖിലേഷുമായി പിരിഞ്ഞ മുലായത്തിന്റെ സഹോദരന് ശിവ്പാല്‍ യാദവ് പ്രഗദിശീല് സമാജ് വാദി പാര്‍ട്ടി (ലോഹ്യ) രൂപീകരിച്ചപ്പോള്‍ അപര്‍ണ യാദവ് അദ്ദേഹത്തിനൊപ്പം പോകുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ യു.പി രാഷ്ട്രീയത്തില്‍ ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാന്‍ ശിവ്പാല്‍ യാദവിന് കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവാണ് അവരെ ആ പാര്‍ട്ടിയുമായി അകന്നു നില്ക്കാന് പ്രേരിപ്പിച്ചത്.
അതേസമയം, അപര്‍ണ യാദവിന് പുറമെ സംബാല്‍ സിറ്റില്‍ ഷഫീഖുര്‍ റഹ്മാന് ബാര്‍ഖ്, മാണിപുരിയിലെ സിറ്റിങ് എം.പിയായ തേജ് പ്രതാപ് സിങ് യാദവ് എന്നിവരുടെയും പേര് ഉയര്‍ന്നുകേട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."