നോട്ടു കിട്ടാതെ നെട്ടോട്ടം; സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം
നോട്ടു ക്ഷാമം കാരണം എ.ടി.എമ്മുകള്‍ കാലിയായതോടെ ആവശ്യത്തിന് പണം കിട്ടാതെ ജനങ്ങള്‍ വലയുന്നു. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളും അവധിക്കാലവും ആയതോടെ പണം പിന്‍വലിക്കുന്നതിന് എ.ടി.എമ്മുകളെ ആശ്രയിക്കാമെന്നു കരുതിയവരാണ് കൂടുതല്‍ ദുരിതത്തിലായത്.
നോട്ടു നിരോധനത്തിനു ശേഷം ആവശ്യമായ നോട്ടുകളെത്തിക്കാത്തതാണ് ക്ഷാമത്തിന് കാരണം. ശമ്പളവും പെന്‍ഷനും ബാങ്കുകളില്‍ പിന്‍വലിക്കാന്‍ എത്തിയവരും പണം കിട്ടാതെ വിഷമത്തിലാണ്. എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ കാശിനായി നെട്ടോട്ടമാണ്.
സംസ്ഥാനത്തെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയാണ് എ.ടി.എം കൗണ്ടറുകളെയും ബാധിച്ചത്. റിസര്‍വ് ബാങ്കില്‍നിന്നുമുള്ള കറന്‍സി ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ചുരുക്കം ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പണം പിന്‍വലിക്കാനെത്തിയവരുടെ ആധിക്യംമൂലം കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂക്ഷമായ തിരക്കാണ്.
കറന്‍സി ക്ഷാമം മൂലം ബാങ്കുകളില്‍ ഇടപാടുകാര്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നതും നിലവിലെ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്.
നിലവിലെ പ്രതിസന്ധി അനിശ്ചിത കാലത്തേക്ക് തുടരാന്‍ സാധ്യതയുണെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന.
ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശനിയാഴ്ച്ച മാത്രമേ ഇനി എ.ടി.എമ്മുകള്‍ നിറയ്ക്കാനാവുകയുള്ളു.
ട്രഷറികളില്‍ ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാല്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും കഴിഞ്ഞ ദിവസങ്ങളില്‍ അവതാളത്തിലായിരുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നല്ല തുകയാണ് ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്നു ഈടാക്കുന്നത്.
അമിതമായ സര്‍വിസ് ചാര്‍ജ് കാരണം എല്ലാവരും ഒറ്റതവണ പരമാവധി തുക പിന്‍വലിക്കുന്നതും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കാനാവാത്തതുമാണ് നോട്ടു ക്ഷാമത്തിനു മറ്റൊരു കാരണം.
കറന്‍സിക്ഷാമം അതിരൂക്ഷമായി തുടരുന്നതിനിടെ ബാങ്കുകള്‍ വീണ്ടും സംഘര്‍ഷഭീതിയിലായി.
ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ബ്രാഞ്ചുകള്‍ ഷട്ടറിടേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ പറയുന്നു.
നൂറു മുതല്‍ രണ്ടായിരം വരെയുള്ള വലിയ നോട്ടുകള്‍ ആര്‍.ബി.ഐ ബാങ്കുകളിലേയ്ക്ക് നല്‍കുന്നില്ല. പകരം പത്ത്, 20 എന്നിവയുടെ നോട്ടുകളും 50 രൂപയുടെ സോയില്‍ഡ്(പഴകിയ) നോട്ടുകളും ഇടപാടുകാര്‍ക്ക് നല്‍കിയാണ് ഇതുവരെ ബാങ്ക് ജീവനക്കാര്‍ പിടിച്ചുനിന്നത്. ട്രഷറികളിലേയ്ക്ക് നല്‍കുന്നതും ഈ നോട്ടുകളാണ്.
എന്നാല്‍ യഥേഷ്ടം വലിയ തുകയ്ക്കുള്ള നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ഇത് പിടിച്ചുവെച്ചിരിക്കുകയുമാണെന്ന ന്യായമാണ് റിസര്‍വ് ബാങ്ക് നിരത്തുന്നത്. വലിയ തുക പിന്‍വലിക്കാനെത്തുന്നവര്‍ 10 രൂപയുടെ നോട്ടുകെട്ടുകളായതിനാല്‍ വാങ്ങാതെ മടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."