വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: മന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഫയലുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, പുതുതായി 1,86,000 കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിക്കാനായത് വലിയ നേട്ടമാണെന്നും പൊതുവിദ്യാഭ്യാസത്തിന്മേല്‍ കേരളത്തിലെ നല്ലൊരു വിഭാഗം കുടുംബങ്ങളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണെന്നും രക്ഷകര്‍ത്താക്കളുടെ പ്രതീക്ഷ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനും കാലതാമസം പരിഹരിക്കുന്നതിനുമായി നടപ്പാക്കിയ 'ഫയല്‍ ഓഡിറ്റ്' പരിപാടിയുടെ സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 141 സ്‌കൂളുകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒന്‍പത് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലുമായി നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറും ഫയല്‍ ഓഡിറ്റ് നോഡല്‍ ഓഫിസറുമായ ജിമ്മി കെ. ജോസ്, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ഷിബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."