ഡെങ്കിപ്പനി; വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി
കുറ്റ്യാടി: പഞ്ചായത്തിലെ നിട്ടൂരില്‍ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. ആശയുടെ നേതൃത്വത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗം സ്ഥിരീകരിച്ച നിട്ടൂര്‍ പ്രദേശത്ത് സന്ദര്‍ശിച്ചത്.
രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനമോ, ബോധവല്‍ക്കരണമോ, ശക്തമാക്കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റ്യാടി മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും സമരവും നടത്തിയിരുന്നു.
ഇതോടെയാണ് ജില്ലാ ഉന്നത സംഘം നിട്ടൂരിലെത്തിയത്. സംഘത്തോടൊപ്പം കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍, കെ.ടി മോഹനന്‍, അംഗങ്ങളായ ഏരത്ത് ബാലന്‍, രജിതാ രാജേഷ്, എടത്തുംകര നാണു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, കുറ്റ്യാടി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ജമീല, ജെ.എച്ച്.ഐ എം.വി പ്രേമജന്‍ എന്നിവരുമുണ്ടായിരുന്നു. ഡെങ്കി വ്യാപിച്ച മേഖലകളില്‍ സംഘം സന്ദര്‍ശിച്ചു. എല്ലാ വാര്‍ഡുകളിലും പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിക്കാനും, കൂട്ടായ പ്രവര്‍ത്തനം നടത്താനും സംഘം നിര്‍ദേശം നല്‍കി.
ദിവസങ്ങളായി ഡെങ്കി പനി തുടരുന്ന നിട്ടൂരില്‍ കഴിഞ്ഞദിവസവും പനി ബാധിച്ച് കൂടുതര്‍ പേര്‍ ചികിത്സതേടിയെത്തിയിരുന്നു. മൂന്നു പേരെ കേഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞള്ളോറ, വിലങ്ങോട്ടില്‍, വെള്ളൊലിപ്പ്, മൊട്ടന്തറ ഭാഗങ്ങളിലാണ് ഡെങ്കി വ്യാപകമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."