പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നില്ല: നാലാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മാറിമാറി വന്ന പ്രതിസന്ധി ഘട്ടത്തിലും വികസന രംഗത്ത് സംസ്ഥാനം തകര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കാന്‍ സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2017 ല്‍ ഓഖി ചുഴലിക്കാറ്റ്. 2018 ല്‍ പ്രളയം നിപ്പ വൈറസ് വ്യാപനം, ഇപ്പോള്‍ കൊവിഡ് 19 തുടങ്ങി വിവിധ ദുരന്തങ്ങളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സര്‍ക്കാരിന് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമില്ലെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് പൊരുതിയാണ് നാം കടന്നു വന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല.
പ്രളയ ദുരിതം അതിജീവിക്കാന്‍ ഒത്തൊരുമിച്ച് മുന്നേറുന്നതിനിടെ അടുത്ത പ്രളയമെത്തി. അത് അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചരിത്രത്തിലില്ലാത്ത വെല്ലുവിളിയുമായി കൊവിഡ് 19 വന്നത്. എല്ലാറ്റിനേയും അതിജീവിക്കാന്‍ പ്രയാസമാണ്. എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം പ്രവര്‍ത്തിക്കാന്‍ കേരളത്തിനായി.
കൊവിഡ് പ്രതിരോധിക്കാന്‍ സഹായകമായത് ആര്‍ദ്രം മിഷന്‍ പദ്ധതിയാണ്. നിപ്പയ്ക്കുശേഷം ഇത്തരം വെല്ലുവിളി നേരിടാന്‍ വൈറോളജി ലാബ് സജ്ജീകരിച്ചു. ആരോഗ്യവും ആത്മാഭിമാനവും ആത്മവിശ്വാസവും വിദ്യാഭ്യാസവും ഹരിതാഭയുമുള്ള നവകേരളമാണ് ലക്ഷ്യമിട്ടത്. മത്സ്യതൊഴിലാളി ഭവനപദ്ധതി സുപ്രധാന നേട്ടം. 390 കിലോമീറ്റർ നീളത്തിൽ പുഴകളെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിൻ്റെ ചെലവ് കൂടി. ഈ വർഷം ചെലവിൽ 15 ശതമാനം വർദ്ധനവ് ഉണ്ടാകും. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.കിഫ്ബിയാണ് അതിജീവനത്തിന്റെ തനതുവഴി. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടാക്കിയത്.
കൊവിഡ് കാലത്ത് ഒരു പെന്‍ഷനും ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കി. സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന സഹായം നല്‍കി. വനിതകള്‍ക്കായി ഷീ ലോഡ്ജുകള്‍ സ്ഥാപിച്ചു ഫയര്‍ഫോഴ്‌സില്‍ ആദ്യമായി 100 ഫയര്‍ വുമണുകളെ നിയമിച്ചു. 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും. പൊലിസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തും. 14,000 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 40,000 ക്ലാസ് മുറികള്‍ ഹൈടെക് എന്നിവ നടപ്പാക്കി. കുടുംബശ്രീക്ക് റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്.
വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."