മാജിക്കിലൂടെ ലക്ഷ്യമിട്ടത് ദേശീയോദ്ഗ്രഥനം: ആര്‍.കെ മലയത്ത്
മലപ്പുറം: ലഹരി, പീഡനം, അഴിമതി എന്നിവയാണ് സമൂഹത്തെ ഗ്രസിച്ച പ്രധാന തിന്മകളെന്നും മുന്നണികള്‍ മാറിമാറി കേരളം ഭരിക്കുമ്പോഴും ഇവ മൂന്നും ചേര്‍ന്ന അവിഹിത മുന്നണിക്കാണ് നിയന്ത്രണമെന്നും മജീഷ്യന്‍ ആര്‍.കെ മലയത്ത്. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദി ഗസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാജിക്കിനെ ദേശീയോദ്ഗ്രഥന പ്രമേയങ്ങളെയും സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികളെയും ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചുവന്നത്. ആള്‍ദൈവങ്ങള്‍ മികച്ച ജാലവിദ്യക്കാരാണ്. മജീഷ്യന്മാരെ കണ്ടാല്‍ അവര്‍ ഒഴിഞ്ഞുമാറും. രഹസ്യ സ്വഭാവമുള്ളതായതിനാല്‍ മാജിക് മത്സരയിനമാക്കുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍ മകന്‍ മാജിക് രംഗത്തുണ്ട്.
മൈന്റ് ഡിസൈനിങ് രംഗത്താണ് തുടര്‍ന്നുവരുന്നത്. ജാലവിദ്യയും ഹിപ്‌നോട്ടിസവും സമന്വയിപ്പിച്ചു മനസാന്നിധ്യം രൂപപ്പെടുത്തുന്ന പദ്ധതിയാണ് മൈന്‍ഡ് ഡിസൈനിങ്. പരീക്ഷാ പേടിയകറ്റല്‍, ആത്മവിശ്വാസം വധിപ്പിക്കല്‍, പ്രശ്‌നപരിഹാരം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം.
തന്റെ ശിഷ്യരില്‍ മാജിക് മേഖലയില്‍ നന്നായി തിളങ്ങുന്ന മജീഷ്യനാണ് മുതുകാടെന്നും ഇതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാറുണ്ടെന്നും പറഞ്ഞ മലയത്ത്, എന്നാല്‍, എല്ലാവരെയും വെട്ടിനിരത്തി അവസരമൊരുക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും തനിക്കു ശേഷം പ്രളയം എന്ന ചിന്ത ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഐ. സമീല്‍ അധ്യക്ഷനായി. കെ.പി.ഒ റഹ്മത്തുല്ല ഉപഹാരം നല്‍കി. സുരേഷ് എടപ്പാള്‍ സ്വാഗതവും എസ്. മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."