പരീക്ഷകള്‍ക്ക് സുരക്ഷയൊരുക്കും; പൊലിസ് വാഹനത്തിലും കുട്ടികളെ എത്തിക്കും
തിരുവനന്തപുരം: കൊവിഡ് ഭീതിയ്ക്കിടെ നടക്കുന്ന എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് സുരക്ഷയൊരുക്കി പൊലിസ്. ഇതിന്റെ ഭാഗമായി പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കണമെന്നും ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയരുതെന്നും ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
കുട്ടികള്‍ ധാരാളമുളള പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കുട്ടികളെ പൊലിസ് വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കും. പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം വനിതാ പൊലിസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലിസിന്റെ സാന്നിധ്യവും ഉറപ്പാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലകളിലെ പൊലിസ് സംവിധാനത്തിന്റെ ഉത്തരവാദിത്തം അഡീഷണല്‍ എസ്.പിമാര്‍ക്കും അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കുമാണ്. പരീക്ഷാകേന്ദ്രങ്ങളുടെ കൃത്യമായ വിവരം ജില്ലാ പൊലിസ് മേധാവിമാരും കണ്‍ട്രോള്‍ റൂമും സൂക്ഷിക്കണം.
പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യാത്ര തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."