മസൂദ് അസ്ഹര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ചൈന
ബീജിങ്: ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ചൈന അറിയിച്ചു.
ഇതുസംബന്ധിച്ച് ബുധനാഴ്ച അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിക്കു മുന്‍പാകെ കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്തതോടെ തള്ളിപ്പോയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.
ചൈനയുടെ നടപടിക്കെതിരേ ഇന്ത്യ രംഗത്തുവന്നതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ചൈന അറിയിച്ചത്. ജെയ്‌ഷേ മുഹമ്മദിനെ നേരത്തെ തന്നെ യു.എന്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ മസൂദ് അസ്ഹറിനെ കൂടി ആഗോളഭീകരനായി പ്രഖ്യാപിച്ചാല്‍ യാത്രാവിലക്ക് ഉണ്ടാവുകയും സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പിന്നാലെ ഇന്ത്യയിലെ ചൈനീസ് അംബാസഡറും സമാന നിലപാട് ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."