ശബരിമല സീസണ്‍: എരുമേലിയില്‍ മുന്നൊരുക്ക യോഗം നടന്നു
എരുമേലി: ശബരിമല സീസണില്‍ എരുമേലിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കായ അയ്യപ്പ ഭക്തന്‍മാരെ അതിഥികളായി സ്വീകരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശബരിമല സീസണ് മുന്നോടിയായി നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേതന്നെ മുന്നൊരുക്ക യോഗം വിളിച്ചു ചേര്‍ത്തതിന്റെ കാരണം ഭക്തജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ നാം പ്രതിജ്ഞാബദ്ധരാകണം എന്നുളളതു കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എരുമേലിയെ മാലിന്യ രഹിതമാക്കുന്നതില്‍ വിവിധ വകുപ്പുകളുടേയും പ്രദേശവാസികളുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികളുടെ രൂപീകരണത്തിനും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടര്‍ യു.വി ജോസ്, ആര്‍.ഡി.ഒ സാവിത്രി അന്തര്‍ജനം, സബ് കലക്ടര്‍ ദിവ്യാ എസ്. അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ്, വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മണ്ഡപം, വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ്, റവന്യൂ, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, എക്‌സൈസ്, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ്, ബി.എസ്.എന്‍.എല്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികള്‍, ജമാഅത്ത്, വിവിധ അയ്യപ്പ സംഘടനാ നേതാക്കള്‍തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."