മനോഹര്‍ പരീക്കര്‍: ലാളിത്യം കൈവിടാതിരുന്ന രാഷ്ട്രീയക്കാരന്‍
ന്യൂഡല്‍ഹി: 2014 നവംബറില്‍ മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രതിരോധ മന്ത്രിയ്ക്ക് അനുവദിച്ച പ്രത്യേക വിമാനത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. പ്രതിരോധമന്ത്രിയ്ക്ക് യാത്രയ്ക്ക് അനുവദിച്ച എംബ്രായര്‍ ജെറ്റായിരുന്നു അത്. എന്നാല്‍ തൊട്ടുപിന്നാലെ ഗോവയിലേക്ക് പരീക്കര്‍ പറന്നത് ആ വിമാനത്തിലായിരുന്നില്ല, സാധാരണ വിമാനത്തില്‍ വില കുറഞ്ഞ ടിക്കറ്റെടുത്തായിരുന്നു. പദവികള്‍ക്കും അധികാരങ്ങള്‍ക്കുമിടയിലും സാധാരണക്കാരനായായിരുന്നു പരീക്കറുടെ ജീവിതം.
ഗോവയിലെ മപൂസയില്‍ 1955ലായിരുന്നു ജനനം. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. ആര്‍.എസ്.എസ്സിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. സ്‌കൂള്‍ കാലത്ത് തന്നെ ആര്‍.എസ്.എസ്സില്‍ സജീവമായിരുന്നു. രാമജന്‍മ ഭൂമി മൂവ്‌മെന്റിന്റെ സംഘാടകനുമായിരുന്നു.
ആര്‍.എസ്.എസ്സിലൂടെയാണ് ബി.ജെ.പിയിലെത്തുന്നത്. 1994ല്‍ ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ പ്രതിപക്ഷ നേതാവായി. 2000 ഒക്ടോബറില്‍ ആദ്യമായി ഗോവ മുഖ്യമന്ത്രിയുമായി. 2002ല്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ രാജിവയ്‌ക്കേണ്ടി വന്നു. 2007ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി. 2012ലെ തിരഞ്ഞെടുപ്പില്‍ ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് പരീക്കര്‍ വീണ്ടും ഗോവയില്‍ അധികാരം പിടിച്ചെടുക്കുന്നത്. 2014 നവംബറില്‍ പ്രതിരോധ മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയെ മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി പരീക്കറിനെ പ്രതിരോധമന്ത്രിയാക്കുകയാരുന്നു. അതിനായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു രാജ്യസഭാ സീറ്റ് പരീക്കറിന് നല്‍കുകയും ചെയ്തു.
എന്നാല്‍ 2017 മാര്‍ച്ചില്‍ പ്രതിരോധ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പരീക്കര്‍ വീണ്ടും ഗോവയിലേക്ക് തിരിച്ചു പോയി മുഖ്യമന്ത്രി പദവി ഏറ്റെടുത്തു.
ലാളിത്യം ജീവിതത്തിലുണ്ടായിരുന്നെങ്കിലും വിവാദങ്ങള്‍ പരീക്കറിന്റെ ജീവിതത്തില്‍ നിന്ന് മാറി നിന്നില്ല. 2001ല്‍ പരീക്കര്‍ സര്‍ക്കാര്‍ ഗോവയില്‍ ആര്‍.എസ്.എസ്സിന്റെ വിദ്യാഭാരതിയ്ക്ക് 51 സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്താന്‍ അനുവദിച്ചതായിരുന്നു അതിലൊന്ന്. 89 ലക്ഷം രൂപ ചിലവിട്ട് ആറ് മന്ത്രിമാരെയും എം.എല്‍.എമാരെയും ബ്രസീലിലേക്ക് ലോകകപ്പ് കാണാന്‍ പറഞ്ഞയച്ചതായിരുന്നു മറ്റൊന്ന്. ഇപ്പോള്‍ മോദി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ റാഫേല്‍ കരാര്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പരീക്കറായിരുന്നു പ്രതിരോധമന്ത്രി. പരീക്കറുടെ എതിര്‍പ്പ് അവഗണിച്ചാണ് മോദി കരാറില്‍ ഇടപെടുകയും പിന്നീട് സ്വന്തം നിലയ്ക്ക് ചര്‍ച്ച നടത്തി ഒപ്പിടുകയും ചെയ്തതെന്നും ആരോപണമുണ്ട്. മോദിയുടെ കീഴില്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ പരീക്കര്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ലെന്നും റാഫേല്‍ രേഖകള്‍ ചോര്‍ന്നത് പരീക്കറുടെ കൂടി അറിവോടെയായിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്.
എന്നാല്‍, പരീക്കര്‍ റാഫേല്‍ കരാറിനെ എതിര്‍ത്തിരുന്നുവെന്നതിന് തെളിവൊന്നുമില്ല. മോദി നടത്തുന്ന സമാന്തര ചര്‍ച്ചകളെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫയലില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ അതില്‍ അപാകതയൊന്നുമില്ലെന്ന മറുകുറിപ്പെഴുതി വയ്ക്കുകയാണ് പരീക്കര്‍ ചെയ്തത്. എങ്കിലും പരീക്കറുടെ ലാളിത്യം ശത്രുക്കള്‍ പോലും അംഗീകരിച്ചിരുന്നു. വില കൂടിയ കാറുകളുടെ കാലത്തും പ്രതിരോധ മന്ത്രിയായിരിക്കെ സാധാരണ അംബാസഡര്‍ കാറായിരുന്നു പരീക്കര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രാലത്തിലെ പഴയ കാറിന്റെ വാതില്‍ തുറക്കാനാവാതെ കുടുങ്ങിപ്പോയ സാഹചര്യം പലപ്പോഴുമുണ്ടായി.
എന്നാല്‍ വ്യാജ ലാളിത്യമാണ് പരീക്കറുടെതെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കുറ്റപ്പെടുത്തിയിരുന്നു. പരീക്കര്‍ക്ക് ഗോവയിലെ കസീനോ, ഖനന ലോബികളുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."