സഊദിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ: സഊദിയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.ഇതോടെ സഊദിയിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി.
ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) ആണ് ഇന്ന് രാവിലെ റിസുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തിയത്.
കൊവിഡ് പോസിറ്റീവായി ഇദ്ദേഹത്തിന്റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു. അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: ഷാജി, റഷീദ് (ജീസാന്‍), സലീം (ത്വാഇഫ്), ശിഹാബ് (അബഹ).
ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. അബുദബിയില്‍ മൂന്ന് പേരും ഖത്തറിലും സഊദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 133 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്.
കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദബിയില്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് ഖത്തറില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."