പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്: അനുനയ നീക്കവുമായി വീണ്ടും സി.പി.എം
നീലേശ്വരം: ഇ.എം.എസിന്റെ സ്വപ്ന പദ്ധതിയായ പാലായി താങ്കൈ കടവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തടസങ്ങള്‍ നീക്കാന്‍ അനുനയ നീക്കവുമായി സി.പി.എം വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം പേരോല്‍ ലോക്കല്‍ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഒരു സ്വകാര്യ വ്യക്തി ഭൂമി വിട്ടുകൊടുക്കാത്തതാണു പദ്ധതി പ്രാവര്‍ത്തികമാകുന്നതിനു തടസമായി നില്‍ക്കുന്നത്. എം.പി പി കരുണാകരന്‍, എം രാജഗോപാലന്‍ എം.എല്‍.എ എന്നിവരടങ്ങുന്ന സംഘം ഒന്നുകൂടി ആ വ്യക്തിയെ കാണാനും ചര്‍ച്ച നടത്താനുമാണ് തീരുമാനമായത്. പാലായിയിലെ എട്ടു പേരും കയ്യൂര്‍ കൂക്കോട്ടെ നാലു പേരുമായിരുന്നു ഭൂമി വിട്ടു നല്‍കാനുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെയുള്ളവര്‍ ഭൂമി നല്‍കി. അപ്രോച്ച് റോഡിനാവശ്യമായ നാലു സെന്റോളം സ്ഥലമാണ് ഈ വ്യക്തി നല്‍കേണ്ടത്.
1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിനു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഭൂമി ലഭിക്കാത്ത വിഷയം സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായ പാലായിയില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണു ലോക്കല്‍ കമ്മിറ്റി തീരുമാനം. ജില്ലാ, ഏരിയാ നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. എന്‍.വി രാജീവന്‍ അധ്യക്ഷനായി.
അതേസമയം ഭൂമി ലഭിക്കാത്ത വിഷയത്തില്‍ പ്രതിഷേധിച്ച് പാലായി സെന്റര്‍ ബ്രാഞ്ച് പാര്‍ട്ടി ഫണ്ട് പിരിക്കില്ലെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലായിയില്‍ നടക്കുന്ന ബാലസംഘം വേനല്‍ത്തുമ്പി സെലക്ഷന്‍ ക്യാംപും ബ്രാഞ്ചംഗങ്ങള്‍ ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."