ആസിയയുടെ കുടുംബത്തിലെ നാലുപേര്‍ക്കു കൂടി കൊവിഡ്
രോഗം ബാധിച്ചത് 12 പേര്‍ക്ക്
കണ്ണൂര്‍: സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ച് തിങ്കളാഴ്ച രാത്രി മരിച്ച ധര്‍മടം ബീച്ച് ഫര്‍സാന മന്‍സിലില്‍ ആസിയയുടെ കുടുംബത്തിലെ നാലുപേര്‍ക്കു കൂടി കൊവിഡ്. ഒന്‍പതു വയസുകാരികളായ രണ്ടുപേര്‍ക്കും 10, 15 വയസുകളുള്ള മറ്റു രണ്ടു പെണ്കുട്ടികള്ക്കുമാണു സമ്പര്‍ക്കത്തിലൂടെ രോഗബാധ. ആസിയയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നേരത്തെ എട്ടുപേര്‍ക്കു കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. നാലുപേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ധര്‍മടത്തെ ഒരു കുടുംബത്തില്‍ നിന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഡീ സംബന്ധമായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആസിയയെ രോഗലക്ഷണത്തെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ 20നാണ് രോഗം സ്ഥിരീകരിച്ചത്. തലശേരി മത്സ്യ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ഇവരുടെ മകനാണ് ആദ്യം കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഒരു കുടുംബത്തിലെ 10 പേര്‍ക്കു നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ 10 പേര്‍ക്കായിരുന്നു രോഗബാധ. ഈ വീട്ടിലെ എണ്പത്തിയൊന്നുകാരന് 41 ദിവസത്തെ ചികിത്സയ്ക്കുശേഷം കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."