എം.പിമാരും എം.എല്‍.എമാരും ഒന്നിച്ചുനീങ്ങണമെന്ന് മുഖ്യമന്ത്രി
രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മിഷനെ നിയോഗിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി എം.പിമാരും എം.എല്‍.എമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ഈ മഹാമാരി നേരിടുന്നതിന് കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിര്‍ദേശങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അന്തര്‍ ജില്ലാ ജലഗതാഗതം അനുവദിക്കണമെന്ന ആവശ്യം വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നിരുന്നു. അന്തര്‍ജില്ലാ ബസ് സര്‍വ്വീസ് ആരംഭിക്കുന്ന സമയത്ത് ഇക്കാര്യവും പരിഗണിക്കും.വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് തിരിച്ചുപോകാന്‍ യാത്രാസൗകര്യമില്ലാത്ത പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മിഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.അതിനിടെ മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ എം.പിമാരും എം.എല്‍.എമാരും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."