ചെങ്ങന്നൂരില്‍ കൂടുതല്‍ കുടിവെള്ള പദ്ധതികള്‍; ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനം.
മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പദ്ധതികള്‍ ഉടന്‍ തുടങ്ങാനും തീരുമാനമായി. സജി ചെറിയാന്‍ എം.എല്‍.എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മന്ത്രി യോഗം വിളിച്ചത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, വെണ്‍മണി ഗ്രാമപഞ്ചായത്തുകള്‍ എന്നിവക്കായി സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കും. ഒരു മാസത്തനുള്ളില്‍ ഇതിനുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ബുധന്നൂര്‍, പുലിയൂര്‍, ആല, പാണ്ടനാട് പഞ്ചായത്തുകള്‍ക്കായുള്ള സമഗ്രകുടിവെള്ള പദ്ധതിക്ക് അടിയന്തര സാങ്കേതികാനുമതി നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിനായി നൂറുകിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ആറ് കോടിയുടേതാണ് പദ്ധതി. ഇതിനായുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. തിരുവന്‍വണ്ടൂര്‍ കുടിവെള്ള പദ്ധതി ഉടന്‍ നിര്‍മാണം തുടങ്ങും. ചെറിയനാട് പഞ്ചായത്തിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കും. പൈപ്പ് ലൈന്‍ നീട്ടും. ഇതിനായുള്ള വിശദപദ്ധതി രേഖ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.
പട്ടികജാതി വകുപ്പ് അനുവദിച്ച മൂന്നരകോടി ഉപയോഗിച്ച് പാണ്ടവന്‍ പാറ കുടിവെള്ള പദ്ധതിക്ക് ഉടന്‍ തുടക്കമിടാനും മന്ത്രി നിര്‍ദേശം നല്‍കി. സജിചെറിയാന്‍ എം.എല്‍.എ, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോണ്‍മുളങ്കാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി, വൈസ് പ്രസിഡന്റ് ജി. വിവേക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."