ഓട്ടം തുടങ്ങാന്‍ കോണ്‍ഗ്രസ്, വേഗത്തിലോടി ഇടതു മുന്നണി, ഓടാനിറങ്ങാതെ ബി.ജെ.പി
#അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി 34 ദിവസം. എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും ഗ്രൂപ്പുകളുടെ തര്‍ക്കം മൂലം സ്ഥാനാര്‍ഥിപ്പട്ടിക ഇറങ്ങാന്‍ താമസിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ ഗ്രൗണ്ടില്‍ ഓടാന്‍ തയാറെടുക്കുന്നതേയുള്ളൂ കോണ്‍ഗ്രസ്. എന്നാല്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കി വേഗത്തിലോടുകയാണ് ഇടതു മുന്നണി. ബി.ജെ.പിയാകട്ടെ ഓടാനുള്ള തയാറെടുപ്പു പോലും തുടങ്ങിയിട്ടുമില്ല.
കോണ്‍ഗ്രസിലെ അസ്വസ്ഥതകളുടെ കനലടങ്ങി ഓടിയെത്തുമ്പോള്‍ കിതയ്ക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ചുണക്കുട്ടികളും മിടുക്കരുമായിരിക്കും സ്ഥാനാര്‍ഥികളെന്നും തര്‍ക്കങ്ങളില്ലെന്നും ചില ക്ലാരിഫിക്കേഷനു വേണ്ടിയാണ് നാലു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാത്തതെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയിരിക്കുകയാണ്. വയനാട് സീറ്റിനു വേണ്ടി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള കടിപിടിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണം.
നേതാക്കള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ എന്നു നടത്താന്‍ കഴിയുമെന്ന് ഒരു രൂപവുമില്ല. പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ മുതല്‍ ബൂത്തുതല കണ്‍വന്‍ഷനുകള്‍ വരെ നടത്തണം. അതിനു നേതാക്കള്‍ വന്ന് അവരുടെ സമയവും സൗകര്യവും തീരുമാനിക്കണം. ഗ്രൂപ്പുകളുടെ തര്‍ക്കം മൂലം സ്ഥാനാര്‍ഥിപ്പട്ടിക വൈകിയതിലുള്ള അമര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. ഇടവേളയ്ക്കു ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതംവയ്പ് ശക്തമായത് തെരഞ്ഞെടുപ്പ് രംഗത്തെ യു.ഡി.എഫിനുണ്ടായിരുന്ന അനുകൂല അന്തരീക്ഷം നഷ്ടമാക്കിയെന്ന വിലയിരുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ക്കുവരെയുണ്ട്.
അതേസമയം, നിര്‍ണായക സീറ്റുകള്‍ കൈപ്പിടിയിലൊതുക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നതിന്റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പ്. വയനാട് അടക്കമുള്ള സീറ്റുകളില്‍ ഗ്രൂപ്പ് സമവാക്യം മാത്രം മാനദണ്ഡമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചപ്പോള്‍ കെ.പി.സി.സി നേതൃത്വം നോക്കുകുത്തിയാകേണ്ടി വന്നു. സീറ്റ് മോഹിച്ച് ഡല്‍ഹിയില്‍ തമ്പടിച്ചിരുന്ന പല നേതാക്കളും നാട്ടിലേക്കു മടങ്ങി. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാതെ മാറി നിന്നിട്ടും ഗ്രൂപ്പ് മാനേജര്‍മാര്‍ സീറ്റുകള്‍ വീതംവച്ചതിന്റെ അമര്‍ഷത്തിലാണ് പലരും. വയനാട് സീറ്റിലേക്കു പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.സി റോസക്കുട്ടി പരസ്യ നിലപാടുമായി രംഗത്തെത്തിയിട്ടുമുണ്ട്.
ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ട് 11 ദിവസം കഴിഞ്ഞു. നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി പഞ്ചായത്തുതല യോഗങ്ങളിലേക്ക് അവര്‍ കടന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍നോട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തി ഇടതുമുന്നണി പ്രചാരണ രംഗത്തു മുന്നേറുകയാണ്.
12 സ്ഥലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിമാര്‍ ഞായറാഴ്ച രാവിലെ മുതല്‍ ഓടിത്തുടങ്ങിയെങ്കിലും ഇടതുമുന്നണിക്ക് ഒപ്പമെത്താന്‍ പാടുപെടുകയാണ്. കോണ്‍ഗ്രസില്‍ ഇതൊക്കെ പതിവാണെന്നും അവസാന ഘട്ടത്തില്‍ യു.ഡി.എഫ് ഓടിയെത്തുമെന്നുമാണ് ഈ വിമര്‍ശനങ്ങള്‍ക്കുള്ള ഗ്രൂപ്പ് നേതാക്കന്മാരുടെ മറുപടി.
അതേസമയം, ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും സീറ്റിനായി ഡല്‍ഹിയില്‍ അടി തുടരുകയാണ്. ശബരിമല വിഷയം ഉയര്‍ത്തിയും എന്‍.എസ്.എസിന്റെ സഹായത്തോടെയും ജയിച്ചുകയറാമെന്ന മോഹവുമായി പത്തനംതിട്ടയ്ക്കായുള്ള കടിപിടി തുടരുകയാണ്. ഇതു കൂടാതെ പല നേതാക്കള്‍ക്കും ആശിച്ച മണ്ഡലം കിട്ടാതെ അവിടെയും ഗ്രൂപ്പ് മാനേജര്‍മാര്‍ വെട്ടിനിരത്തല്‍ തുടരുന്നു. കോണ്‍ഗ്രസില്‍നിന്ന് പലരെയും അടര്‍ത്തിയെടുത്ത് സീറ്റ് നല്‍കുന്ന തിരക്കിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. അതിനിടെ ഇടതു മുന്നണിക്കൊപ്പം വേഗത്തില്‍ തന്നെ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളുമുണ്ട്. മുസ്‌ലിംലീഗ് ഇടതുമുന്നണിക്കൊപ്പം തന്നെ ഓടുകയാണ്. പൊന്നാനിയിലും മലപ്പുറത്തും അവര്‍ ഒന്നാം റൗണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൊല്ലത്ത് ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനാകട്ടെ ഇടതുമുന്നണിയെയും കടത്തി വെട്ടിയിരിക്കുകയാണ്. ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായി പ്രചാരണം തുടങ്ങിയത് കൊല്ലത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."