ചിറ്റൂര്‍ താലൂക്ക് ആശുപ്രതിയുടെ ശോചനീയാവസ്ഥ; അനിശ്ചിതകാല സമരത്തിന് കളമൊരുങ്ങുന്നു
പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം കുറച്ചു ദിവസങ്ങളായി അടച്ചുപൂട്ടിയ അത്യാഹിത വിഭാഗം തുറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചും, താലൂക്ക് ആശുപ്രതിയില്‍ സ്ഥിരം അത്യാഹിത വിഭാഗം ആരംഭിക്കുക, ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവു പരിഹരിക്കുക, ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രി സംരക്ഷണ സമിതി അനിശ്ചിതകാല സമരം ആരംഭിക്കും.
മഴക്കാല രോഗങ്ങള്‍ പടരുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന വകുപ്പു മന്ത്രിയും വകുപ്പ് അധികൃതരും താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കാര്‍ഷിക മേഖലയായ ചിറ്റൂരില്‍ ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, പെരുമ്മാട്ടി, പട്ടഞ്ചേരി, പൊല്‍പ്പുളളി പഞ്ചായത്തുകളിലെയും നിര്‍ധനരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.
108 കിടക്കകളും മറ്റു ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് ആശുപത്രിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. അടുത്തുള്ള ചില സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് സമിതി ആരോപിച്ചു. ആശുപത്രിയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട എച്ച്.ഡി. സി കമ്മിറ്റിയുടെ കാര്യക്ഷമമില്ലാത്ത പ്രവര്‍ത്തനമാണ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കു കാരണം.
നിലവിലെ എച്ച്.ഡി.സി കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്നും സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി 14ന് മൂന്ന് മണിക്ക് വിവിധ രാഷ്ട്രീയ വ്യാപാരി സന്നദ്ധ സംഘടന നേതാക്കളുടെ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."