ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം: ന്യൂസിലാന്റ് പാര്‍ലമെന്റ് സമ്മേളിച്ചത് ഖുര്‍ആന്‍ പാരായണത്തോടെ- വീഡിയോ
വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ചേര്‍ന്ന ആദ്യ പാര്‍ലമെന്റ് യോഗം തുടങ്ങിയത് ഖുര്‍ആന്‍ പാരായണത്തോടെ.
കൊല്ലപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഒന്നിച്ചുണ്ടാകുമെന്ന് സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണ്‍ പറഞ്ഞു. ഭീകരനെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവത്യാഗം ചെയ്ത നഈം റാഷിദ് എന്നയാളുടെ ത്യാഗത്തെ പ്രധാനമന്ത്രി പുകഴ്ത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കുമെന്നും ജസീന്ത അറിയിച്ചു.
യോഗത്തില്‍ സഹകാരികളെ അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് ഏവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന് അഭിസംബോധന ചെയ്താണ് ജസിന്ത തന്റെ നിലപാട് വ്യക്തമാക്കിയത്. 50 പേരുടെ ജീവനെടുത്ത ഭീകരനെ പേരില്ലാത്തവന്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
'ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ല' അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് അക്രമം നടത്തിയയാളെ നേരിടുമെന്ന് ജസിന്ത ആക്രമണത്തിന്റെ ഇരകള്‍ക്ക് ഉറപ്പു നല്‍കി.
'അവന്‍ ഒരു ഭീകരനാണ്. കൊടും കുറ്റവാളിയാണ്. അവന്റെ പേര് ഞാന്‍ ഉച്ചരിക്കുന്നത് ഒരിക്കലും നിങ്ങള്‍ കേള്‍ക്കില്ല. ഭീകരന്റെ പേരല്ല, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് ഉച്ചരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്' അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."