രാമ രാജ്യം വരുന്നതിനു മുന്‍പേ ഒന്ന് ജനാധിപത്യം ആസ്വദിക്കാന്‍- വയനാട്ടില്‍ പ്രതിഷേധ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് യുവ അഭിഭാഷകന്‍
കോഴിക്കോട്: '2019 മോദി സുനാമിയടിക്കും, അതിനു ശേഷം പിന്നെ തെരഞ്ഞെടുപ്പ് വേണ്ടിവരില്ല'- പറയുന്നത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ പ്രതിഷേധ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ശ്രദ്ധേയനായിരിക്കുകയാണ് വയനാട്ടിലെ യുവ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന.
ഫെയ്‌സ്ബുക്കിലാണ് ശ്രീജിത്ത് പെരുമന ഇതുസംബന്ധിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമ രാജ്യം ആകുന്നതിനു മുന്‍പേ താനും ജനാധിപത്യത്തിന്റെ ഭാഗമായിരുന്നുവെന്നും വര്‍ഗീയ, ഫാസിസ്റ്റ് അന്ധകാരത്തിനെതിരെ താനും ചെറുവിരല്‍ അനക്കിയിരുന്നുവെന്ന് ഓര്‍മിക്കാനും ആവുമെന്നും കുറിപ്പില്‍ പറയുന്നു.
വര്‍ഗീയ-ഫാസിസ്റ്റ് പ്രതിസന്ധികളിലൂട കടന്നുപോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധാരണക്കാരില്‍ സാധാരണക്കാരനായ എന്നെപ്പോലൊരാള്‍ക്ക് മത്സരിക്കാന്‍ അവകാശമുണ്ടാകുന്നു എന്നതും എന്നിലെ പൗരനെ ത്രസിപ്പിക്കുന്നുണ്ട. വോട്ടിങ് യന്ത്രത്തില്‍ ആലേഖനം ചെയ്ത് ആ പേര് വരുമ്പോള്‍, അങ്ങ് ഡല്ഹിയിലെ പരമോന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്പീസില്‍ ആ പേരുകള്‍ ദേശീയ രേഖകളായി സൂക്ഷിക്കപ്പെടുമ്പോള്‍. ഞാനും ജനാധിപത്യത്തില്‍ ആഴത്തില്‍ പങ്കാളിയായി രാഷ്ട്രത്തെ രാമരാജ്യമാകുന്നതില്‍ നിന്നും വര്‍ഗീയ ഫാസിസ്റ്റ് അന്ധകാരത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ചെറുവിരലെങ്കില്‍ അനക്കിയിരുന്നു എന്ന ഒരു ആത്മസംതൃപ്തിയെങ്കിലും എനിക്ക് ബാക്കിയുണ്ടാകുമെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഒരു വോട്ടു മാത്രമേ പ്രതീക്ഷയുള്ളൂ ആ വോട്ടിന്റെ ആത്മബലത്തില്‍ രാമരാജ്യമോ, രാജഭരണമോ വന്നില്ല എങ്കില്‍ ഇനിയുള്ള എല്ലാ പാര്‍ലമെന്റിലും ഈയുള്ളവന്‍ സ്ഥാനാര്‍ഥിയായിരിക്കും- ശ്രീജിത്ത് പറയുന്നു.
വലിയ പിന്തുണയാണ് ഫെയ്‌സ്ബുക്കില്‍ ഇദ്ദേഹത്തിന് ലഭിക്കുന്നത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. പലരും പിന്തുണ അറിയിക്കുന്നുണ്ട്. കൂടുതല്‍ വോട്ട് ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. വയനാട്ടില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ചെയ്യാമായിരുന്നുവെന്നും ചിലര്‍ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി നോമിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചു.
ആരും ചിരിക്കേണ്ട. ഇതൊരു പ്രതിഷേധമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായി പങ്കാളിയായികൊണ്ടു നടത്താന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ പ്രതിഷേധം. ബിജെപി എംപി സാക്ഷിമഹാരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാമരാജ്യം നിലവില്‍ വരുന്നതിനുമുമ്പ് ജനാധിപത്യത്തെ അവസാനമായി ഒന്ന് ആസ്വദിക്കാന്‍..
എന്റെ വ്യക്തിപരമായ ഒരു വോട്ടില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്തിനേറെ രാഷ്ട്രീയ ആയങ്ങളെല്ലാം മാറ്റിവെച്ച് ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ജനംടീവിയിലേക്ക് ചുവടുമാറ്റിയ മാതാപിതാക്കളുടെ വോട്ടുപോലും പ്രതീക്ഷിച്ചുകൊണ്ടല്ല ഈ തീരുമാനം.
മത്സരിക്കാനായി കെട്ടിവെക്കുന്ന കാശ് നാളിതുവരെ ആസ്വദിച്ച ജനാധിപത്യത്തിന് നല്‍കുന്ന ദക്ഷിണയായി കണക്കാക്കുന്നു.
ബ്രിട്ടീഷുകാരനാല്‍ രൂപീകരിക്കപ്പെട്ട് പിന്നീട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിവരെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനുപോലും നിസ്‌ക്കാരരത്തഴമ്പും, മാമോദീസ സര്‍ട്ടിഫിക്കറ്റും, ജാതി കാര്‍ഡും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടിവരുന്ന ഈ മനോഹര കാലത്ത്. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജനാധിപത്യത്തിലൂന്നിയ പ്രതിഷേധങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണു കരുതുന്നത്.
പത്തൊമ്പതിലധികം ഐഡന്റിഫൈഡ് ഗോത്ര ബ ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന ലോകത്തിലെതന്നെ അപൂര്‍വ്വമായ വയനാട് പോലൊരു നാട്ടില്‍ സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെകുറിച്ചോ, പ്രകൃതിസംരക്ഷണത്തെ കുറിച്ചോ, വികസനത്തെകുറിച്ചോ ക മാ എന്നൊരക്ഷരം മിണ്ടാതെ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന അങ്ങേയറ്റം മ്ലേച്ഛമായ ഫ്യുഡല്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്നതും ആതുരക് പറയുന്നതും ജനാധിപത്യത്തിലെ കിങ്‌മേക്കേഴ്‌സ് ആയ പൊതുജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.
ദൈവങ്ങളുടെ ബ്രഹ്മചര്യം, സ്ഥാനാര്‍ത്ഥിയുടെ മതവിശ്വാസങ്ങളും മാനദണ്ഡങ്ങളാകുന്ന ഈ സാഹചര്യത്തില്‍ ഇത്തരം ഒരു പ്രതിഷേധത്തിന് പ്രസക്തിയുണ്ടെന്നാണ് കരുതുന്നത്.
വൈദ്യുതിപോലുമില്ലാത്ത ഒരു കൊടുംകാറ്റിനുള്ളില്‍ നദിക്കരയിലെ പുറമ്പോക്കിലെ ചെറ്റക്കുടിലില്‍ നിന്നും ജീവിതം കരുപിടിപ്പിക്കുന്നതിനിടയില്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിനുപോലും ജീവിതത്തിന്റെ ഓരോ ഗഘട്ടവും മാറ്റിവെച്ചതിന്റെ ചാരിതാര്‍ഥ്യം എന്നിലുണ്ട്.
ശബ്ദഘോഷങ്ങളോടെയുള് പ്രചാരണങ്ങളോ, പോസ്റ്ററുംബാനറുകളും കെട്ടിയുള്ള വിളംബരങ്ങളോ ഉണ്ടാകില്ല. ഇത് പറയുമ്പോള്‍ നിങ്ങളിലുണ്ടാകുന്ന അതിശയോക്തി എനിക്ക് മനസിലാകും. എന്നാല്‍ സാമൂഹ മാധ്യമങ്ങളിലൂടെ എന്റെ പ്രതിഷേധ സ്ഥാനാര്‍ത്ഥിത്വം അറിയിക്കും.
എല്ലാത്തിലും ഉപരി വര്‍ഗീയഫാസിസ്റ്റ് പ്രതിസന്ധികളിലൂട കടന്നുപോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധാരണക്കാരില്‍ സാധാരണക്കാരനായ എന്നെപ്പോലൊരാള്‍ക്ക് മത്സരിക്കാന്‍ അവകാശമുണ്ടാകുന്നു എന്നതും എന്നിലെ പൗരനെ ത്രസിപ്പിക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തില്‍ ആലേഖനം ചെയ്ത് ആ പേര് വരുമ്പോള്‍, അങ്ങ് ഡല്ഹിയിലെ പരമോന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്പീസില്‍ ആ പേരുകള്‍ ദേശീയ രേഖകളായി സൂക്ഷിക്കപ്പെടുമ്പോള്‍. ഞാനും ജനാധിപത്യത്തില്‍ ആഴത്തില്‍ പങ്കാളിയായി രാഷ്ട്രത്തെ രാമരാജ്യമാകുന്നതില്‍ നിന്നും വര്‍ഗീയ ഫാസിസ്റ്റ് അന്ധകാരത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ചെറുവിരലെങ്കില്‍ അനക്കിയിരുന്നു എന്ന ഒരു ആത്മസംതൃപ്തിയെങ്കിലും എനിക്ക് ബാക്കിയുണ്ടാകും...
ഒരു വോട്ടു മാത്രമേ പ്രതീക്ഷയുള്ളൂ ആ വോട്ടിന്റെ ആത്മബലത്തില്‍ രാമരാജ്യമോ, രാജഭരണമോ വന്നില്ല എങ്കില്‍ ഇനിയുള്ള എല്ലാ പാര്‍ലമെന്റിലും ഈയുള്ളവന്‍ സ്ഥാനാര്‍ത്ഥിയായിരിക്കും
ജയ് ഹിന്ദ്
അഡ്വ ശ്രീജിത്ത് പെരുമന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."