സഊദിയില്‍ സന്ദര്‍ശക വിസ പുതുക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
ജിദ്ദ: സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ വിദേശികളുടെ കുടുംബങ്ങളുടെ വിസ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വീണ്ടും നിര്‍ബന്ധമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് ജവാസാത്തിന്റെ പരിധിയില്‍ പെടുന്ന കാര്യമല്ലെന്നും ഇന്‍ഷുറന്‍സ് അടക്കമുള്ള ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അബ്ശിര്‍ വഴി ബന്ധപ്പെട്ടവരുടെ സന്ദര്‍ശക വിസ പുതുക്കാനുള്ള സൗകര്യം ലഭ്യമാണെന്നും ജവാസാത്ത് വ്യക്തമാക്കി.
2017 നവംബര്‍ മുതലാണ് വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള സന്ദര്‍ശക വിസക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായി സഊദി കൗണ്‍സില്‍ ഓഫ് കോപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്.ഐ) അറിയിച്ചത്.
വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ്‌ഫോം (ഇന്‍ജാസ്) വഴിയാണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇന്‍ജാസ് പോര്‍ട്ടലില്‍ വ്യക്തിഗത സേവനങ്ങളുടെ പേജില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് പേയ്‌മെന്റ് വഴിയാണ് ഇന്‍ഷുറന്‍സിന് അപേക്ഷിക്കേണ്ടത്
ഈ ഭാഗത്ത് വിസ പുതുക്കേണ്ട വ്യക്തിയുടെ വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും നമ്പറുകള്‍ എന്റര്‍ ചെയ്താല്‍ വ്യക്തിയുടെ വിവരങ്ങള്‍ തെളിഞ്ഞുവരും. ഇന്‍ഷുറന്‍സ് ചാര്‍ജായി കാണിക്കുന്ന സംഖ്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സിസ്റ്റം ഓട്ടോമാറ്റിക് ആയി ഇന്‍ഷുറന്‍സ് ചാര്‍ജ് എത്രയെന്ന് പറഞ്ഞുതരും. ഇന്‍ജാസ് മുഖേന എടുക്കേണ്ട ഈ ഇന്‍ഷുറന്‍സ് സ്‌കീം വഴി സഊദിയില്‍ സാധാരണയുള്ള ചികിത്സ സൗകര്യങ്ങളോ മരുന്നോ ലഭ്യമാകില്ല. എന്നാല്‍ പ്രസവം, ഡയാലിസിസ്, അപകടങ്ങള്‍ കാരണമുള്ള ചികിത്സ തുടങ്ങിയ അടിയന്തര ശുശ്രൂഷകളും ഇവയുടെ പേരില്‍ ആശുപത്രി അഡ്മിറ്റും ഈ ഇന്‍ഷുറന്‍സിന്റെ കീഴില്‍ വരുമെന്ന് സി.സി.എച്ച്.ഐ അറിയിച്ചു.
മിക്ക സന്ദര്‍ശക വിസകളും 90 ദിവസത്തേക്കാണ് വിദേശരാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ സ്റ്റാമ്പ് ചെയ്യുന്നത്. മറ്റൊരു 90 ദിവസത്തേക്ക് കൂടി പുതുക്കാവുന്നതുമാണ്. ഒരു വിസയില്‍ പരമാവധി ആറ് മാസം അഥവാ 180 ദിവസമേ സഊദിയില്‍ തങ്ങാനാവൂ. സിറിയക്കാര്‍ക്കും യമനികള്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ.
സന്ദര്‍ശക വിസ പുതുക്കാന്‍ കാലാവധിയുടെ ഏഴു ദിവസം മുതല്‍ കാലാവധി കഴിഞ്ഞ് മൂന്നു ദിവസം വരെ സമയമുണ്ടെന്നും മൂന്നാമത്തെ ദിവസം പുതുക്കാനായില്ലെങ്കില്‍ രാജ്യം വിടണമെന്നും ജവാസാത്ത് അറിയിച്ചു. ഇല്ലെങ്കില്‍ അവരെ കൊണ്ടുവന്നവര്‍ പിഴ അടക്കേണ്ടിവരും. രാജ്യത്ത് അവര്‍ പ്രവേശിച്ച ദിവസം മുതലാണ് 180 ദിവസം കണക്കാക്കുന്നത്. അതേ സമയം അവരെ കൊണ്ടുവരുന്നവരുടെ ഇഖാമയുടെ കാലാവധി അവസാനിച്ചാല്‍ സന്ദര്‍ശക വിസ നീട്ടാനും സാധിക്കില്ല.
ബാങ്ക് വഴി 100 റിയാല്‍ അടച്ച ശേഷം അബ്ശിര്‍ വഴിയാണ് വിസ പുതുക്കേണ്ടത്. പുതുതായി ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കിലും നേരത്തെയുള്ള ഇന്‍ഷുറന്‍സ് കാരണം ചിലപ്പോള്‍ വിസ പുതുക്കിവരുന്നുണ്ട്. വിസ പുതുക്കിയവര്‍ക്ക് പിന്നീട് ഇന്‍ഷുറന്‍സ് എടുക്കല്‍ നിര്‍ബന്ധവുമില്ല.
വിദേശരാജ്യങ്ങളില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ വിസയുടെ യഥാര്‍ഥ കാലാവധിയായ 90 ദിവസം വരെ മാത്രമേ ഇന്‍ഷുറന്‍സ് ഉണ്ടാവുകയുള്ളൂ. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 47.58 ഡോളര്‍, ആറു മുതല്‍ 15 വയസ്സുവരെ 37.15 ഡോളര്‍, 16 മുതല്‍ 40 വയസ്സുവരെ 31.5 ഡോളര്‍, 41 മുതല്‍ 65 വയസ്സുവരെ 53.5 ഡോളര്‍, 65 ന് മുകളിലുള്ളവര്‍ക്ക് 119.5 ഡോളര്‍ എന്നിങ്ങനെയാണ് കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സമര്‍പ്പിക്കുമ്പോള്‍ ഇന്‍ജാസ് പോര്‍ട്ടല്‍ വഴി ഏജന്‍സികള്‍ അടക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."