എന്‍ജിനിയറിങ്: ഒഴിവാകുന്നതാണ് നല്ലത്
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1991 ലാണ് സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കുന്നത്. പിന്നീട് 1993 ല്‍ സംസ്ഥാനത്തെ ആദ്യ സ്വാശ്രയ കോളേജുകള്‍ കാസര്‍ക്കോടും ചെങ്ങന്നൂരും ആരംഭിച്ചു. ചുരുക്കം ചിലര്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന എന്‍ജിനിയറിങ് പഠനം സാര്‍വ്വത്രികമായി. സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാനുണ്ടായത്. തനി കച്ചവടലാക്കോടെ കളത്തിലിറങ്ങിയവരും നല്ല ഉദ്ദേശ്യത്തോടെ കോളേജ് തുടങ്ങിയവരുമുണ്ട്. പക്ഷേ, ഇന്നത്തെ നിലവാരത്തകര്‍ച്ചയിലും പരാജയത്തിലും കോളേജുകാരല്ല യഥാര്‍ഥ പ്രതികള്‍. ആദ്യപ്രതികള്‍ മാതാപിതാക്കളും കുട്ടികളുമാണ്.
എന്റെയടുത്ത് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും മാതാപിതാക്കളും വന്നു. ആറു സെമസ്റ്ററുകള്‍ പിന്നിട്ട വിദ്യാര്‍ഥി ഇപ്പോള്‍ തന്നെ 25 വിഷയങ്ങളില്‍ പൊട്ടി നില്‍ക്കുകയാണ്. ലാബ് ഉള്‍പ്പെടെ ആകെ 43 പേപ്പറുകലാണ് ആറു സെമസ്റ്ററുകളിലുള്ളത് സിവില്‍ എന്‍ജിനിയറിങ് ആണ് ബ്രാഞ്ച്. ഇപ്പോള്‍ നാണക്കേട് മൂലം കോളേജില്‍ പോകാന്‍ മടിയാണ്. ഭാഗ്യത്തിന് വഴിതെറ്റി പോയിട്ടില്ല. ഇതാണ് ഈ പരാജയത്തിനും നിലവാരത്തകര്‍ച്ചക്കും മുഖ്യകാരണം. എന്താണ് കുട്ടിക്ക് പറ്റിയത്? ഇവിടെ പ്രതി കുട്ടിയല്ല, മാതാപിതാക്കളാണ്! കുട്ടിക്ക് എന്‍ജിനിയറിങ് അഭിരുചിയേയില്ല. കണക്കില്‍ ചെറുപ്പം മുതലേ മിടുക്കനാണ്. ഡ്രോയിങ് സ്‌കില്‍ ഒട്ടുമേയില്ല; ഭാവനാശാലിയുമല്ല. പക്ഷെ ഗണിത ശാസ്ത്രത്തിലുള്ള മിടുക്ക് അപാരം തന്നെ. ഇത് തിരിച്ചറിയാതെയാണ് മാതാപിതാക്കളുടെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ഇവനെ അവര്‍ നേര്‍ച്ചക്കോഴിയാക്കിയത്. കണക്കില്‍ മിടുക്കനായത് കൊണ്ട് മാത്രം ഒരു വിദ്യാര്‍ഥിക്ക് എന്‍ജിനിയറിങ് അഭിരുചിയും ഡ്രോയിങ് സ്‌കില്ലും ഉണ്ടാകണമെന്നില്ല. ഗണിതശാസ്ത്രത്തില്‍ ഉപരിപഠനം നടത്താനാണ് അവന്‍ പോകേണ്ടിയിരുന്നത്. മെക്കാനിക്കല്‍ അഭിരുചി ഇല്ലാത്തവന് മെക്കാനിക്കല്‍ എന്‍ജിനിയറാകാനാവുമോ? വീട്ടില്‍ ബള്‍ബ് ഫ്യൂസായാല്‍ അത് മാറ്റിയിടാന്‍ താല്പര്യം കാണിക്കാത്തവനെ ഒരിക്കലും ഇലക്ട്രിക്കല്‍ എന്‍ജിനിയറാക്കാന്‍ ശ്രമിക്കരുത്. അവനവന്റെ കഴിവുകള്‍ക്കും അഭിരുചിക്കുമനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാതെ ട്രെന്‍ഡുകള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും സ്റ്റാറ്റസിനും പിന്നാലെയുള്ള മലയാളിയുടെ പരക്കം പാച്ചിലാണ് സംസ്ഥാനത്തെ എന്‍ജിനിയറിങിന്റെ നിലവാരം ഇടിയാനുള്ള കാരണം. എന്‍ജിനിയറിങ് കോളേജുകള്‍ വര്‍ധിച്ചതും സീറ്റുകള്‍ കൂടിയതുമൊക്കെ കാരണങ്ങളായി പറയുന്നുവെങ്കിലും 'ശേഷിയുള്ളവന്‍ ശേഷിക്കും' എന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തത്തിനാണ് ഇവിടെ പ്രസക്തി.
ആകാശത്തിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു എന്‍ജിനിയറിങിലെ നവീനശാഖകള്‍. സാധ്യതകള്‍ അനന്തമാണെങ്കിലും എല്ലാവര്‍ക്കും എന്‍ജിനിയര്‍ ആകാന്‍ സാധിക്കില്ല. എന്‍ജിനിയറിങ് അഭിരുചിയും ലോജിക്കല്‍ സ്‌കില്ലും അതാത് ബ്രാഞ്ചുകള്‍ ആവശ്യപ്പെടുന്ന അഭിരുചികളും കഴിവുകളും തങ്ങളുടെ കുട്ടിക്കുണ്ടോ എന്ന് മാതാപിതാക്കളും കുട്ടികള്‍ സ്വയവും പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമേ എന്‍ജിനീയര്‍ ആകുവാന്‍ ഇറങ്ങി പുറപ്പെടാവൂ. രക്ഷിതാക്കളുടെ താത്പര്യം മാത്രം വിലയിരുത്തി മക്കളെ എഞ്ചിനീയറിംഗിനു ചേര്‍ക്കരുത്. ആദ്യ സെമസ്റ്ററിലെ പരീക്ഷാഫലം വരുമ്പോഴാണു രക്ഷിതാക്കള്‍ പലപ്പോഴും വിദ്യാര്‍ഥിയുടെ താത്പര്യത്തിന് മുന്‍തൂക്കം നല്‍കുന്നത്. അപ്പോഴേക്കും സാമ്പത്തിക സമയ നഷ്ടങ്ങള്‍ അനുഭവിച്ച് കഴിഞ്ഞിരിക്കും. വക്കീലാകാനും അധ്യാപകനാകാനും താത്പര്യമുള്ള വിദ്യാര്‍ഥികളെ എന്ജിനീയരിങ്ങിനു ചേര്‍ക്കുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കിണങ്ങിയ കോഴ്‌സല്ലെന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല. കണക്കിലും ഫിസിക്‌സിലും മികവുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ എന്‍ജിനിയറിങിനു ചേര്‍ക്കാവൂ. സിവില്‍ എന്‍ജിനിയറിങിനു ചേരുന്ന കുട്ടിക്ക് ഡ്രോയിംഗ് സ്‌കില്‍ ഉണ്ടായിരിക്കണം. ആര്‍ക്കിടെക്ച്ചറിന് ചേരുന്നവര്‍ക്ക് ഡ്രോയിംഗ് സ്‌കില്‍ മാത്രമല്ല ക്രിയേറ്റിവിറ്റിയും വേണം. ഒരു ശരാശരി വിദ്യാര്‍ഥിക്ക് എന്‍ജിനിയറിങ് പഠനം യോജിക്കില്ല. വിദ്യാര്‍ഥിയുടെ അഭിരുചി, കഴിവുകള്‍, കഴിവുകേടുകള്‍, താത്പര്യം, മനോഭാവം, പ്രതിബദ്ധത, കോഴ്‌സിന്റെ സ്വഭാവം, സാധ്യതകള്‍ എന്നിവ സ്വയം വിലയിരുത്തി വേണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍. നമ്മുടെ സംസ്ഥാനത്ത് ഇന്ന് പഠിച്ചിറങ്ങുന്ന എന്‍ജിനിയറിങ് ബിരുദധാരികളില്‍ 68 ശതമാനവും അറിവ്, പ്രവര്‍ത്തന മികവ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴില്‍ലഭ്യത നിരക്ക് എന്നിവയില്‍ വളരെ പിറകിലാണ്.
ആഗോളതലത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രാതിനിധ്യം പതിനഞ്ചു ശതമാനമാണ്. ഇത് 2020 ആകുമ്പോഴേയ്ക്കും 25 ശതമാനമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അറിവും പ്രവര്‍ത്തനമികവും മികച്ച തൊഴില്‍ ലഭ്യത നിരക്കുമുള്ള എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കാണ് ഏറെ തൊഴില്‍ സാധ്യതകള്‍. ഇന്ത്യയില്‍ കഴിഞ്ഞ ഏകദേശം 89 വര്‍ഷമായി തുടരുന്ന ഒരു ഭ്രമമാണ് ബിടെക്. പ്ലസ് ടു സയന്‍സ് കഴിഞ്ഞാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളും ബി.ടെക്കിന് ചേരാന്‍ ശ്രമിക്കുന്നു. അതില്‍ കുറച്ചുപേര്‍ക്ക് എന്‍ട്രന്‍സ് വഴി ഗവര്‍ണ്‍മെന്റ് കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നു. ബിടെക് പഠിക്കാനുള്ള യോഗ്യതയാണ് എന്‍ട്രന്‍സിലൂടെ പരിശോധിക്കപ്പെടുന്നത് എന്ന് ആലോചിക്കാതെ എന്‍ട്രന്‍സ് കിട്ടാത്ത ബാക്കി മിക്കവരും അടുത്ത വഴിയായി കാണുന്നത് കേരളത്തിലും അന്യ സംസ്ഥാനങ്ങളിലുമായി ചിതറിക്കിടക്കുന്ന യാതൊരു നിലവാരവും ഇല്ലാത്ത സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളെയാണ്. തങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത് എന്നു പോലും ശരിക്ക് അറിയാത്ത കുറേ അധ്യാപകരുടെ കീഴില്‍ പല തരികിടകളും കാണിച്ച് 4 വര്‍ഷം അവര്‍ കഴിച്ചു കൂട്ടുന്നു. എഴുതുന്ന പരീക്ഷ പകുതിയും തോല്‍ക്കുകയാണെന്നും പലതവണ എഴുതിയിട്ടും പാസാവുന്നില്ലെന്നും മനസിലാക്കുന്ന കുറേപ്പേര്‍ ഇത് എനിക്ക് പറ്റിയ പണി അല്ല എന്ന് മനസിലാക്കി വല്ല സെയില്‍സ്മാനോ മറ്റുവല്ല ചെറിയ ജോലിയിലോ ഒതുങ്ങിക്കൂടുന്നു. ഒരുവിധം കോഴ്‌സ് പാസാവുന്ന ബാക്കി പേരുടെയും സ്ഥിതി മറിച്ചല്ല. കുറേപേര്‍ കുറച്ച് ഇന്റര്‍വ്യൂകള്‍ക്കൊക്കെ ശ്രമിച്ച് പരാജയപ്പെടുന്നു. മറ്റുചിലര്‍ പേരിന് ഒരു എന്‍ജിനിയര്‍ ആവാന്‍ കൂലിപ്പണിക്ക് കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തിന് ബാംഗ്ലൂരുള്ള ഏതെങ്കിലും ചെറിയ ഐ.ടി കമ്പനിയില്‍ ചേരും നല്ല ബുദ്ധിമുട്ടുള്ള പണിയാണെന്ന് അറിയുമ്പോള്‍ അവരും ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് മനസിലാക്കുന്നു. അപ്പോഴേക്കും വയസ് 25 നോടടുത്തിട്ടുണ്ടാവും. പിന്നെ അടുത്ത ശ്രമം ബാങ്കും പി.എസ്.സിയും ആണ്. വളരെ കുറച്ച് പേര്‍ അതില്‍ വിജയിക്കും ബാക്കിയുള്ളവര്‍ ബി.ടെക്ക് പഠിച്ചും സപ്ലി എഴുതിയും ഉണ്ടായ ക്ഷീണവും പ്രായാധിക്യവും കാരണം പി.എസ്.സി പരീക്ഷാ പരിശീലനത്തിലും മനസ് ഉറയ്ക്കാത്തതിനാല്‍ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കും.
ബി.ടെകിന് ചേരുന്ന സമയത്ത് തനിക്ക് അതില്‍ താല്‍പര്യവും കഴിവും ഉണ്ടോ എന്ന് ചിന്തിച്ചില്ല. താല്‍പര്യം എന്ന വാക്ക് തന്നെ തെറ്റിദ്ധാരണയോടെയാണ് പലരും മനസിലാക്കുന്നത്. എന്‍ജിനിയര്‍ ആവാന്‍ താല്‍പര്യമുണ്ടോ, ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ താല്‍പര്യമുണ്ടോ എന്നല്ല, എന്‍ജിനിയറിങ് ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. അത് മനസിലാക്കാന്‍ വളരെ ലളിതമാണ്. ഒരു ടോയ് കാര്‍ കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും. അത് ഓടിച്ച് കളിക്കുക മാത്രമാണ് ചെയ്യുക എങ്കില്‍ നിങ്ങള്‍ എന്‍ജിനിയറിങ്ങിന് പോയാല്‍ മേല്‍പറഞ്ഞ അവസ്ഥയായിരിക്കും നിങ്ങളുടേത്. എന്നാല്‍ അത് അഴിച്ച് നോക്കി അതെങ്ങനെയാ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ക്ക് സ്വാഭാവികമായി തോന്നാറുണ്ടെങ്കില്‍ നിങ്ങള്‍ ബിടെക്കിന് പോവേണ്ട ആളാണ്. കുടാതെ സയന്‍സ് മാത്‌സ് വിഷയങ്ങളില്‍ ശരാശരിക്കു മുകളില്‍ പഠനനിലവാരം ഉണ്ടായിരിക്കുകയും വേണം.
പ്രൈവറ്റ് കോളേജില്‍ നിന്ന് ബിടെക്ക് പഠിക്കാന്‍ ശരാശരി 4 ലക്ഷം രൂപ ചെലവുണ്ട്. 4 വര്‍ഷം + സപ്ലി എഴുതാന്‍ വേറെ 1 മുതല്‍ 3 വരെ വര്‍ഷം = 7 വര്‍ഷം സമയം. സാദാ ഡിഗ്രിയുടെ 3 ഇരട്ടി പഠനഭാരം. പിന്നെ ഹോസ്റ്റല്‍ ജീവിതത്തിന്റെ ദുരിതങ്ങള്‍ വേറെയും. സാദാ ഡിഗ്രി ചെയ്യാന്‍ 1 ലക്ഷത്തില്‍ താഴെ മാത്രം ചിലവ് (വിദൂരവിദ്യാഭ്യാസത്തിന് വെറു 25000 രൂപ) 3 വര്‍ഷം സമയം ബിടെക്കിന്റെ മൂന്നിലൊന്ന് പഠനഭാരം. വീട്ടില്‍ നിന്ന് തന്നെ ക്ലാസില്‍ പോവാം.
ബി. ടെക് കഴിഞ്ഞ് വരുന്ന 80 ശതമാനത്തില്‍ക്കൂടുതല്‍ പേരും ശ്രമിക്കുന്നത് സാദാ ഡിഗ്രി മാത്രം യോഗ്യതയുള്ള ജോലിക്കാണ്. മാത്രമല്ല ഗവ. ജോലികള്‍ക്ക് ശ്രമിക്കാന്‍ കൂടുതല്‍ സാവകാശവും ആത്മവിശ്വാസവും ഊര്‍ജവും മറ്റു ഡിഗ്രികള്‍ ചെയ്തവര്‍ക്ക് കിട്ടുന്നു. അതായത് ഇത്രയെല്ലാം ബുദ്ധിമുട്ടിയും ചെലവ്‌ചെയ്തും ബിടെക് എടുത്തവര്‍ക്ക് സാദാ ഡിഗ്രി എടുത്തവരേക്കാള്‍ ജോലി സാധ്യത കുറയുകയാണുണ്ടാവുന്നത്. മാത്രമല്ല അതു മൂലമുണ്ടാകുന്ന കടബാധ്യത മുന്നോട്ട് ജീവിക്കാനുള്ള ആത്മ വിശ്വാസത്തെയും ബാധിച്ചേക്കാം.
ഇന്ത്യയിലാകെ ഏഴുലക്ഷത്തോളം എന്‍ജിനിയറിങ് സീറ്റുകളാണുള്ളത്. ഇതില്‍ പകുതിയില്‍ താഴെ എന്‍ജിനിയറിങ് വിദ്ധ്യാര്‍ഥികള്‍ മാത്രമാണ് പഠിച്ചിറങ്ങുന്നത്. എന്നാല്‍ അതിന്റെയും നാലിലൊന്നില്‍ താഴെ എന്‍ജിനിയറിങ് ജോലി ഒഴിവുകളേ ഇന്ത്യയില്‍ ഒരുവര്‍ഷം ഉണ്ടാവുന്നുള്ളൂ. ഇതൊന്നും അറിയാതെയാണ് പലരും വലിയ ജോലി സ്വപ്നങ്ങളുമായി ബി. ടെക്കിന് ചേരുന്നത്. അവരുടെ അറിവില്ലായ്മയെ ചിലര്‍ മുതലെടുക്കുന്നു എന്നത് ശരിയാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യമല്ലേ എന്ന് കരുതി എന്തു വിറ്റിട്ടായാലും ഫീസടയ്ക്കാന്‍ പാവം അച്ഛനമ്മമാരും തയ്യാറാണ്. ജോലി കിട്ടാതാവുമ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ ഇവരാരും വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."