നിയമസഭാ സമ്മേളനം; വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്താന്‍ ആലോചന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടു മാസത്തിനുള്ളില്‍ കൊവിഡ് രോഗ ഭീതി പൂര്‍ണമായും സംസ്ഥാനത്ത് ഒഴിവായില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിയമസഭ സമ്മേളനം നടത്താന്‍ ആലോചന.
കഴിഞ്ഞ സമ്മേളനം മാര്‍ച്ച് 13 ന് അവസാനിച്ചതിനാല്‍ ചട്ടമനുസരിച്ച് സെപ്റ്റംബര്‍ 13നകം സഭ ചേരേണ്ടതുണ്ട്.
ഇതേ തുടര്‍ന്നാണ് ഒരു ദിവസത്തേക്കെങ്കിലും സഭ കൂടാന്‍ സ്പീക്കറുടെ ഓഫിസ് ആലോചിക്കുന്നത്. പ്രതിപക്ഷവുമായി ആലോചിച്ചു ജൂലൈയില്‍ ഒരു ദിവസത്തേക്കു മാത്രം ക്വോറം ഉറപ്പാക്കി സഭ ചേരും. അതു ചെയ്താല്‍ പിന്നെ 6 മാസത്തിനു ശേഷം സഭ ചേര്‍ന്നാല്‍ മതി.
മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഓഫിസുകളിലും, പ്രതിപക്ഷ നേതാവും സ്പീക്കറും നിയമസഭ മന്ദിരത്തിലും എം.എല്‍.എമാര്‍ ജില്ലാ കലക്ടറേറ്റുകളിലും ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സമ്മേളനം നടത്താനാണ് ആലോചന. സമ്മേളനം നിയമസഭയില്‍ വച്ചു നടത്തിയാല്‍ നിലവിലെ സീറ്റ് ക്രമീകരണം അനുസരിച്ച് എം.എല്‍.എമാര്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല.
മാത്രമല്ല ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടായാല്‍ മുഖ്യമന്ത്രിയും, സ്പീക്കറും പ്രതിപക്ഷ നേതാവും, നിയമസഭ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.
നിയമസഭാ മന്ദിരം മുഴുവന്‍ എ.സി ആയതിനാല്‍ പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം എന്ന ആശയം ചര്‍ച്ചയായത്. ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സഭാ സമ്മേളനം നിയമസഭ ടി.വിയിലൂടെ നേരിട്ട് കാണാനുള്ള അവസരവുമൊരുക്കും.
വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സഭ ചേരുന്നതെങ്കില്‍ അത് ഇന്ത്യയില്‍ ആദ്യത്തേതായിരിക്കും.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ യോഗം കഴിഞ്ഞ 13ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായാണു സഭാ സമിതി വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."