HOME
DETAILS
MAL
മേല്‍പാലത്തിന് സവര്‍ക്കറുടെ പേര്; കര്‍ണാടകയില്‍ വിവാദം
backup
May 29 2020 | 04:05 AM
ബംഗളൂരു: സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ച മേല്‍പാലത്തിന് ഹിന്ദുത്വ ആശയങ്ങളുടെ നേതാവായിരുന്ന വി.ഡി സവര്‍ക്കറുടെ പേര് നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്.
34 കോടി രൂപ മുടക്കി നിര്‍മിച്ച ബംഗളൂരുവിലെ മേല്‍പാലത്തിനാണ് സവര്‍ക്കറുടെ പേര് നല്കാന് തീരുമാനിച്ചിരിക്കുന്നത്. 400 മീറ്റര്‍ നീളമുള്ള മേല്‍പാലത്തിന്റെ ഉദ്ഘാടനം ഇന്നലെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ജന്മദിനമായിരുന്ന ഇന്നലെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഈ പാലം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തി. സര്‍ക്കാരിനെ പിന്നില്‍നിന്നു വേറെയാരോ നിയന്ത്രിക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ തീരുമാനത്തിലൂടെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും ഇത്തരത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യരുതെന്നും വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തി. കര്‍ണാടകയ്ക്കും ബംഗളൂരുവിനും വേണ്ടി സവര്‍ക്കര്‍ എന്താണ് ചെയ്തതെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സവര്‍ക്കറുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തിലേക്ക് പലരെയും ആകര്ഷിച്ചെന്നായിരുന്നു പ്രധാനമന്ത്രി അനുസ്മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."