ഒടുവില്‍ നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍
വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുളള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ത്ഥ മാനിച്ച ലണ്ടന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഉടന്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് 17 മാസം കഴിഞ്ഞാണ് നീരവ് മോദി അറസ്റ്റിലായത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബയേഴ്‌സ് ക്രെഡിറ്റ് മുഖേനെ 13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് രത്‌നാഭരണ കയറ്റുമതി വ്യവസായിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും. തട്ടിപ്പിനെതിരെ ബാങ്ക് സിബിഐയെ സമീപിക്കുന്നതിന് മുന്‍പ് നീരവ് കുടുംബ സമേതം രാജ്യം വിടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിപ്പിച്ചിരുന്നു.
ഇതിനിടെ നീരവ് മോദിയെ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവിടെ പുതിയ വജ്രവ്യാപാരം ആരംഭിച്ച മോഡി, ലണ്ടന്‍ തെരുവുകളിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഒരു പ്രമുഖ വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ താമസിക്കുന്ന നീരവ് ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."