മത്സ്യം കേടുവരാതിരിക്കാന്‍ മാരക വിഷം: ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന കര്‍ശനമാക്കി
തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വില്‍പനക്കായി ജില്ലയില്‍ എത്തിക്കുന്ന മത്സ്യം കേടുവരാതിരിക്കാന്‍ മാരക വിഷാംശം കലര്‍ത്തിയതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന കര്‍ശനമാക്കി.
ഇന്നലെ തൃശൂര്‍ ശക്തന്‍ നഗര്‍ മത്സ്യ മാര്‍ക്കറ്റ്, മണ്ണുത്തി, ഒല്ലൂര്‍ മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രാവിലെ ഒന്‍പതിനു തുടങ്ങിയ പരിശോധന കാലത്ത് 12 വരെ നീണ്ടു. ആദ്യ ദിനത്തിലെ പരിശോധനയില്‍ കാര്യമായ വിഷാംശം കണ്ടെത്താനായില്ലെന്നു ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ ജയശ്രീ പറഞ്ഞു.
ചുമട്ടു തൊഴിലാളികള്‍ പണിമുടക്കിലായതിനാല്‍ ഇന്നലെ ശക്തന്‍ മാര്‍ക്കറ്റില്‍ ലോറികളില്‍ നിന്നു മത്സ്യം ഇറക്കിയിരുന്നില്ല. നേരത്തെ വില്‍പനക്കു ശേഷം ബാക്കിയായ മീനുകളിലാണു സ്ട്രിപ്പ് ഉപയോഗിച്ചു പരിശോധന നടത്തിയത്. ശക്തന്‍ മാര്‍ക്കറ്റിലെ പരിശോധനയില്‍ കണ്ടെത്തിയ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗം തൃശൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ വി.കെ പ്രദീപ്കുമാര്‍, ഒല്ലൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ കെ.കെ അനിലന്‍, ചാലക്കുടി സര്‍ക്കിള്‍ ഓഫിസര്‍ ഉദയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്തു പല ഭാഗത്തും മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ വിഷാംശങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിനകത്തു ചെന്നാല്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ വിഷാംശങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പരിശോധന നടത്തുമെന്ന് അസി. കമ്മീഷണര്‍ ജയശ്രീ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."