മലേഗാവിന് പുറമെ സംഝോതയും; ഹിന്ദുത്വരുടെ ഭീകരാക്രമണക്കേസുകള്‍ ഇല്ലാതാവുന്നു
ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് കേസില്‍ക്കൂടി സ്വാമി അസീമാനന്ദയുള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടതോടെ ഹിന്ദുത്വര്‍ പ്രതികളായ ഭീകരാക്രമണക്കേസുകള്‍ ഇല്ലാതാവുന്നു. നേരത്തെ മലേഗാവ്, അജ്മീര്‍, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളില്‍ നിന്ന് അസീമാനന്ദയുള്‍പ്പടെയുള്ളവരെ വെറുതെ വിട്ടിരുന്നു. ഈ കേസുകളില്‍ തന്റെ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ സ്വമേധയാ അസീമാനന്ദ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും മോദി അധികാരത്തിലെത്തിയതോടെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു.
പാകിസ്താന്‍ വിദേശകാര്യമന്ത്രിയായിരുന്ന ഖുര്‍ഷിദ് ഖസൂരി ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഝോത സ്‌ഫോടനമുണ്ടാകുന്നത്. ഡല്‍ഹിക്ക് 80 കിലോമീറ്റര്‍ വടക്ക് പാനിപ്പത്തിനടുത്തുള്ള ദീവാനയിലെത്തിയപ്പോള്‍ മധ്യത്തിലുള്ള രണ്ടു കോച്ചിലായിരുന്നു സ്‌ഫോടനം. മൂന്നാമതൊരു കോച്ചില്‍ക്കൂടി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നെങ്കിലും അത് പൊട്ടിയില്ല. ഡിറ്റേണറ്ററുകള്‍, ടൈമറുകള്‍, മണ്ണെണ്ണ, ആര്‍.ഡി.എക്‌സ് തുടങ്ങിയവ ഇരുമ്പ് പൈപ്പുകളില്‍ നിറച്ചായിരുന്നു ബോംബ് തയ്യാറാക്കിയിരുന്നത്.
എന്നാല്‍, ഈ കേസിലും ആദ്യം വിലയൊടുക്കിയത് മുസ്്‌ലിംകളാണ്. ആര്‍.ഡി.എക്‌സ് കണ്ടതോടെ പാകിസ്താനാണ് പിന്നിലെന്ന് ഹരിയാനാ പോലിസ് പ്രഖ്യാപിച്ചു. ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്്‌ലാമിയും ലഷ്‌ക്കറെ ത്വയ്യിബയുമാണ് പിന്നിലെന്നായിരുന്നു ആരോപണം. ഹര്‍ക്കത്തും ലഷ്‌ക്കറും ചേര്‍ന്നാണ് സ്‌ഫോടനം നടത്തിയതെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വരെ പ്രസ്താവനയിറക്കി. പാകിസ്താനിയായ അസ്മാത്ത് അലി അറസ്റ്റിലാവുകയും ചെയ്തു. ചില മുസ്്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു. ബോംബിനുള്ള അസംസ്‌കൃത വസ്തുക്കളില്‍ ചിലത് വാങ്ങിയത് ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ഹരിയാനാ പോലിസ് കണ്ടെത്തി. മലേഗാവ് സ്‌ഫോടനത്തിനു വേണ്ട ചില അസംസ്‌കൃത വസ്തുക്കളും ഇവിടെ നിന്ന് വാങ്ങിയിരുന്നു. അന്വേഷണം ഹിന്ദുത്വരുടെ പക്ഷത്തേക്ക് നീളുന്നുവെന്ന ഘട്ടത്തിലാണ് ഉന്നത ഇടപെടലുണ്ടാകുകയും കേസ് മരവിക്കുകയും ചെയ്യുന്നത്.
എന്നാല്‍, 2008ല്‍ മലേഗാവ് കേസില്‍ മുംബൈ എ.ടി.എസ് ഹേമന്ദ് കര്‍ക്കറെ നടത്തിയ അന്വേഷണമാണ് സംഝോത എക്‌സപ്രസ് സ്‌ഫോടനത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്താക്കിയത്. സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം നടത്താന്‍ വേണ്ട ആര്‍.ഡി.എക്‌സ് നല്‍കിയത് മലേഗാവ് കേസിലെ ശ്രീകാന്ത് പുരോഹിതാണെന്നായിരുന്നു കര്‍ക്കറെയുടെ കണ്ടെത്തല്‍. വൈകാതെ കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു. അസീമാനനന്ദയുടെ കുറ്റസമ്മത മൊഴിയില്‍ സംഝോത സ്‌ഫോടനം നടത്തിയത് സംബന്ധിച്ച് വിവരിക്കുന്നുണ്ട്.
2006ല്‍ ഗുജറാത്തിലെ ദാംഗ് ജില്ലയിലുള്ള സുബിര്‍ ഗ്രാമത്തില്‍ അസീമാനന്ദയുടെ ആശ്രമത്തില്‍ നടത്തിയ ശബരി കുംഭ പ്രാര്‍ത്ഥനായോഗത്തില്‍ വച്ചാണ് മലേഗാവ്, ഡല്‍ഹി ജുമാമസ്ജിദ്, അജ്മീര്‍, മക്കാമസ്ജിദ് സ്‌ഫോടനങ്ങള്‍ക്കൊപ്പം സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെയും പദ്ധതി തയ്യാറാക്കുന്നത്. ക്രിസ്തുമതത്തിലേക്ക് മതം മാറിയ ആദിവാസികളെ ഭീഷണിപ്പെടുത്തി വീണ്ടും ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിന്റെ ചടങ്ങായാണ് ശബരികുംഭമേള സംഘടിപ്പിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവനായിരുന്ന കെ.എസ് സുദര്‍ശന്‍, ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭാഗ്‌വത്, ദാംഗിലെ ബി.ജെ.പി എം.എല്‍.എ വിജയ് പട്ടേല്‍, ഹിന്ദുത്വ നേതാക്കളായ നിര്‍മ്മല കിഷോര്‍ ഗാവിത് തുടങ്ങിയ പ്രമുഖരായിരുന്നു അസീമാനന്ദയുടെ സുഹൃത്തുക്കള്‍. 2006ലെ ഗൂഢാലോചന നടന്ന കുംഭമേളയില്‍ മോദിയുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
അസീമാനന്ദയുടെ ആശ്രമത്തില്‍ 2006ല്‍ നടന്ന ഗൂഢാലോചനാ യോഗത്തിനു മുമ്പ് 2004 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ഉജ്ജയ്ന്‍ കുംഭമേളയില്‍ അസീമാനന്ദയുടെ നേതൃത്വത്തില്‍ മറ്റൊരു ഗൂഢാലോചനായോഗം നടന്നതായി ലോകേഷ് ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. പ്രജ്ഞാസിങ് താക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ്‌റ, ലോകേഷ് ശര്‍മ്മ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മുസ്്‌ലിംകളെ സര്‍ക്കാര്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല. അതിനാല്‍ നമുക്ക് തന്നെ അവരെ കൈകാര്യം ചെയ്യണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അജ്മീര്‍ സ്‌ഫോടന സ്ഥലമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ലോകേഷ് ശര്‍മ്മ, പ്രജ്ഞാസിങ് താക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ്‌റ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവര്‍ തുടര്‍കാര്യങ്ങള്‍ക്കായി 2005 ഒക്ടോബര്‍ 31ന് ജയ്പൂരിലെത്തി. ഗുജറാത്ത് സമാജം ഗസ്റ്റ് ഹൗസില്‍ വ്യാജപേരില്‍ മുറിയെടുത്തു. ഈ യോഗത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നു. മലേഗാവ് സ്‌ഫോടനത്തില്‍ പ്രജ്ഞാസിങ് പിടിയിലായ ശേഷം അസീമാനന്ദ ഒളിവില്‍പ്പോവുകയായിരുന്നു. ഹരിദ്വാറില്‍ വ്യാജ മേല്‍വിലാസത്തിലായിരുന്നു അസീമാനന്ദ താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."