ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് ഇ.ടി
മലപ്പുറം: എം.പിയായശേഷം തന്റെ സമ്പാദ്യം കുത്തനെ കൂടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു സത്യവുമില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. 2009നുശേഷം തന്റെ സ്വത്തുക്കളില്‍ ഒരു വര്‍ധനവുമുണ്ടായിട്ടില്ലെന്നും വര്‍ഷം കഴിയുന്നതിനനുസരിച്ച് മൂല്യം മാത്രമാണ് വര്‍ധിച്ചതെന്നും പൊന്നാനിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ ഇ.ടി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
നീണ്ടകാലം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ സാധാരണ ജീവനക്കാരനായിരുന്നു താന്‍. പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന പിതാവ് വഴി ലഭിച്ച 77 സെന്റ് ഭൂമിയും ഇതില്‍ 40 വര്‍ഷം മുന്‍പ് റയോണ്‍സ് ജോലിക്കിടെ നിര്‍മിച്ച വീടുമല്ലാതെ 50 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്തകാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ തന്റെയോ കുടുംബത്തിന്റെയോ പേരില്‍ മുന്‍പും ഇപ്പോഴും ഇല്ല. ഈ കാലത്തിനിടക്ക് ഞാന്‍ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധനസമ്പാദന മാര്‍ഗത്തിലോ പങ്കാളിയായിട്ടുമില്ല.
ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സാമ്പത്തിക സ്ഥിതിയില്‍ കാണിച്ച സ്വത്തിന്റെ മൂല്യത്തില്‍ കാലക്രമേണ വന്ന വര്‍ധനവും തന്റെ ശമ്പള ഇനത്തില്‍ വന്ന വരുമാനവും 11 വര്‍ഷമായി ഉപയോഗിച്ചുവരുന്ന 2008 മോഡല്‍ വാഹനവുമല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത തന്നെക്കുറിച്ച് വരുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് ഇതിനപ്പുറം മറുപടിയില്ല. ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവര്‍ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണം.
2009ല്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ അഫിഡവിറ്റില്‍ പറഞ്ഞ ഭൂമിയും വീടും തന്നെയാണ് 2014ലും 2019ലും ആസ്തി. പത്തു വര്‍ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ മൂല്യം കൂടിയിട്ടുണ്ടങ്കില്‍ അത് ഈ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലും ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാര്‍ത്തയുടെ കൂടെ ചേര്‍ക്കുന്ന പാര്‍ലമെന്റ് രേഖയില്‍ വന്ന വരുമാന വര്‍ധനവ് എന്ന പരാമര്‍ശത്തിന് ഒരു പക്ഷെ കാരണമായതില്‍ ഒരു ഉദാഹരണം: 2009ല്‍ സത്യവാങ്മൂലത്തില്‍ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന് 2014ല്‍ കാണിച്ച മൂല്യം 20 ലക്ഷമാണ്. അതായത് രണ്ടായിരം ശതമാനം വര്‍ധന.
120 മാസം പാര്‍ലമെന്റ് അംഗമായ തനിക്കുലഭിക്കുന്ന വേതനം തന്നെ ആരോപിക്കുന്ന തുകയില്‍ അധികം വരും. ഇവിടെ പരാമര്‍ശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റു വസ്തുക്കളോ തന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതകാലത്തിനിടയ്ക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ, പൂര്‍ണമായും ഇത്തരം ആരോപണങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നല്‍കാന്‍ തയാറാണെന്നും ഇ.ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."