ആര്‍ദ്രം മിഷന്‍ ജനകീയമാക്കണം: വി.കെ മധു
തിരുവനന്തപുരം: ഗുണമേന്മ-യുള്ള ആരോഗ്യപരിപാലനം ലക്ഷ്യമിടുന്ന ആര്‍ദ്രം മിഷന്‍ പദ്ധതി ജില്ലയില്‍ ജനകീയമായി നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍ദ്രം മിഷന്റെ പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി ബ്ലോക്ക് തലത്തില്‍ ഈ മാസം 25 ന് മുമ്പും പഞ്ചായത്ത് തലത്തില്‍ 30 ന് മുമ്പും ആസൂത്രണ യോഗങ്ങള്‍ സംഘടിപ്പിക്കണം. മെയ് 10ന് മുമ്പ് വാര്‍ഡ് തലത്തില്‍ ആരോഗ്യസേന രൂപവത്കരണവും നടക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയിലെ 17 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കും. രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭിക്കും. ലബോറട്ടറിയും സജ്ജമാക്കും. ഓരോ താലൂക്കിലും ഒരു താലൂക്ക് ആശുപത്രിയും ജില്ലാ തലത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയും വികസിപ്പിക്കും. ഇവിടങ്ങളില്‍ ഒ.പി സൗകര്യം വികസിപ്പിക്കുകയും ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇ ഹെല്‍ത്ത് സംവിധാനം ജില്ലയില്‍ നടപ്പിലാക്കി വരികയാണ്. മണമ്പൂര്‍, വെള്ളനാട്, പുത്തന്‍തോപ്പ് ആശുപത്രികളുടെ കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."