ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന്
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി ഗ്രാമ പ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. മലയോര-തോട്ടം മേഖലയായ ഗൂഡല്ലൂര്‍ കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമി കൂടിയാണ്. കര്‍ണാടക-കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ധാരാളം ഈ മേഖലയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
എന്നാല്‍ ഈ മേഖലയില്‍ സര്‍വിസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ പലതും ചോര്‍ന്നൊലിക്കുന്നതും എന്‍ജിന്‍ തകരാറുള്ളതുമാണ്. ഈറോഡ്, കോയമ്പത്തൂര്‍, തിരിപ്പൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ഓടിതളര്‍ന്ന കാലപ്പഴക്കം ചെന്ന ബസുകളാണ് ഇരു താലൂക്കുകളിലും സര്‍വിസ് നടത്തുന്നത്. 13 പുതിയ ബസുകള്‍ നീലഗിരിക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഗൂഡല്ലൂര്‍ മേഖലക്ക് ഒരു ബസ് പോലും ലഭിച്ചിട്ടില്ല.
ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിലവില്‍ 48 ബസുകളാണുള്ളത്. മുന്നറിയിപ്പില്ലാതെ ബസുകള്‍ ട്രിപ്പ് മുടക്കുന്നതും പതിവായിരിക്കുകയാണ്.
ആവശ്യത്തിന് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളും പ്രയാസപ്പെടുകയാണ്. വൈകുന്നേര സമയങ്ങളില്‍ ഗൂഡല്ലൂരില്‍ നിന്ന് ദേവര്‍ഷോല വഴി പാട്ടവയലിലേക്കും പന്തല്ലൂര്‍ വഴി പാട്ടവയലിലേക്കും നാടുകാണി വഴി ചേരമ്പാടിയിലേക്കും ഓവാലിയിലേക്കും കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ നിരന്തര ശല്യമുള്ള പ്രദേശമാണ് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ മേഖല.
ടൗണ്‍ ബസ് സര്‍വിസുകളും പ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വിസുകളും ഏര്‍പ്പെടുത്തി ഈ മേഖലയിലെ യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."