കനിവ് ചൊരിഞ്ഞ് ആ 'വില്ലന്‍'; അവര്‍ നാട്ടിലേക്കു വിമാനം കയറി
സ്വന്തം ലേഖകന്‍
കൊച്ചി: സിനിമകളില്‍ വില്ലന്‍ വേഷങ്ങളുമായെത്തി സ്‌ക്രീനില്‍ നിറഞ്ഞാടുന്ന ബോളിവുഡ് നടന്‍ സോനു സൂദിന്റെ ജീവിതത്തിലെ വേഷപ്പകര്‍ച്ച നാടണയാന്‍ സഹായിച്ചത് 160 അതിഥി തൊഴിലാളികളെ. അതും വിമാനത്തില്‍! ലോക്ക് ഡൗണിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയ ഒഡിഷയില്‍ നിന്നുള്ള തൊഴിലാളികളെയാണ് ബോളിവുഡ് നടന്‍ സോനു സൂദിന്റെ പ്രത്യേക താല്‍പര്യത്തില്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഒഡിഷയിലേക്ക് അയച്ചത്.
കൊച്ചിയിലെ കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 151 വനിതാ തൊഴിലാളികളും മറ്റൊരു കമ്പനിയില്‍ നിന്നുള്ള ഒന്‍പതുപേരുമാണ് അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങിയത്.
ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനുള്ള ഇവരുടെ കാത്തിരിപ്പിന് ലോക്ക് ഡൗണ്‍ തുടങ്ങിയിടത്തോളം ദൈര്‍ഘ്യമുണ്ട്. ശ്രമിക് ട്രെയിനില്‍ യാത്ര തരപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ ഇവര്‍ കേരളത്തില്‍ ദുരിതമനുഭവിക്കുന്നതായി ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നു. തുടര്‍ന്നാണ് ബോളിവുഡ് താരം സോനു സൂദ് പ്രശ്‌നത്തില്‍ ഇടപെട്ട് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തു നല്‍കിയത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ഇവരെയും വഹിച്ചുകൊണ്ടുള്ള വിമാനം നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."