സിറ്റിയോ ലിവര്‍പൂളോ
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം കനക്കുന്നു. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുമെന്നുറപ്പാണ്. മുഹമ്മദ് സലാഹിന്റെയും സാഡിയോ മാനെയുടെയും മികവില്‍ മുന്നേറുന്ന ലിവര്‍പൂളിന്റെ ഭീഷണി സിറ്റി മറികടക്കുമെന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്.
മിക്ക ടീമുകളെയും മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മ അലട്ടുമ്പോള്‍ നാലാം കിരീടം ലക്ഷമിട്ടു മുന്നേറുന്ന സിറ്റി നേരിടുന്ന പ്രശ്‌നം ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ആദ്യ ഇലവനില്‍ കളിപ്പിക്കാനാവുന്നില്ല എന്നതാണ്. ഗോളടിവീരന്മാരില്‍ ഒന്നാമതുള്ള സെര്‍ജിയോ അഗ്യൂറോ ഉജ്ജ്വല ഫോമില്‍ കളിക്കുമ്പോള്‍ ജീസസിന് എങ്ങനെ അവസരം കൊടുക്കും എന്നതാണ് സിറ്റിയെ കുഴക്കുന്നത്. 2017 ജനുവരിയിലാണ് 27 ദശലക്ഷം യൂറോ എറിഞ്ഞ് ഈ 21കാരനെ സിറ്റി സ്വന്തമാക്കിയത്. ജീസസ് ഈ സീസണില്‍ സിറ്റിക്കു വേണ്ടി 38 മത്സരങ്ങളില്‍ നിന്നായി 18 ഗോളുകള്‍ നേടിയിട്ടുമുണ്ട്. ഇടയ്ക്ക് പരുക്കിന്റെ പിടിയിലായതാണ് സ്ഥാനം ബെഞ്ചിലാക്കിയത്. അഗ്യൂറോയാകട്ടെ സീസണില്‍ 37 കളിയില്‍ നിന്നു നേടിയത് 28 ഗോളുകളാണ്. ദീര്‍ഘകാലമായി സിറ്റിയെ വിജയവഴിയില്‍ നയിക്കുന്ന അദ്ദേഹം 327 മത്സരങ്ങളില്‍ നിന്ന് സിറ്റിക്കായി നേടിയത് 227 ഗോളുകളാണ്.
പ്രതിഭകള്‍ നിറഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ റിസര്‍വ് ബെഞ്ചിലാണ് സ്ഥാനമെന്നതിനാല്‍ തല്‍ക്കാലം ബ്രസീലിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടണിയാനൊരുങ്ങുകയാണ് ഗബ്രിയേല്‍ ജീസസ്. പാനമക്കും ചെക് റിപ്പബ്ലിക്കിനുമെതിരേയാണ് ബ്രസീലിന്റെ മത്സരങ്ങള്‍. സിറ്റി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സെര്‍ജിയോയുടെ ഉപദേശങ്ങള്‍ ഏറെ പ്രയോജനപ്പെടുന്നതായും ജീസസ് പറയുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ കപ്പ് സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. എന്നാല്‍ 13 തവണ കപ്പ് നേടിയ യുനൈറ്റഡ് ഇടക്കാലത്ത് നിറംമങ്ങിയതാണ് സിറ്റിക്ക് ഗുണമായത്. എന്നാല്‍ ഒലെ ഗണ്ണര്‍ സോല്‍ഷ്യാര്‍ പരിശീലകനായി വന്നതോടെ യുനൈറ്റഡ് പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനവുമായി വരുന്നുണ്ട്. പക്ഷേ വൈകിപ്പോയി. അവരുടെ 30 മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 38 മത്സരങ്ങളുള്ള ലീഗില്‍ നിലവില്‍ 76 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാമത്. 31 മത്സരങ്ങളില്‍ നിന്ന് 23 വിജയവും ഏഴു സമനിലയും നേടിയ ലിവര്‍പൂള്‍ ഒരൊറ്റ മത്സരമേ തോറ്റുള്ളൂ. എന്നാല്‍ അടുത്ത മത്സരത്തോടെ സിറ്റി ഈ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുമെന്നുറപ്പാണ്. 30 മത്സരത്തില്‍ നിന്ന് 74 പോയിന്റുമായാണ് സിറ്റിയുടെ കുതിപ്പ്. 24 വിജയവുമായി മുന്നേറുന്നതിനിടെ നാലെണ്ണത്തില്‍ തോല്‍വിയറിഞ്ഞെങ്കിലും സമനില വഴങ്ങിയത് രണ്ടു തവണ മാത്രം.
ടോട്ടനം (61 പോയിന്റ്), ആഴ്‌സനല്‍ (60), മാഞ്ചസ്റ്റര്‍ യുനൈറ്റഡ്(58), ചെല്‍സി (57) എന്നിവയാണ് തൊട്ടു പിന്നില്‍. പുതിയ പരിശീലകനെത്തിയതോടെ യുനൈറ്റഡ് തകര്‍പ്പന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍വേട്ടയില്‍ സിറ്റിയുടെ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് മുന്നില്‍. 18 ഗോളുമായി മുന്നേറുന്ന അഗ്യൂറോയുടെ തൊട്ടു പിന്നില്‍ 17 പോയിന്റുമായി ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹും സാഡിയോ മാനെയുമുണ്ട്. ടോട്ടനത്തിന്റെ സ്റ്റാര്‍ പ്ലേമേക്കര്‍ ഹാരി കെയ്ന്‍, ആഴ്‌സനല്‍ താരം പിയറി എമറിക് ഒബമെയാങ് എന്നിവരും ഇതിനകം 17 ഗോള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.
അസിസ്റ്റില്‍ മുന്നിലുള്ളത് ചെല്‍സിയുടെ മിന്നുംതാരം ഈഡന്‍ ഹസാര്‍ഡാണ്. 11 അസിസ്റ്റാണ് താരം ടീമിനായി നടത്തിയിട്ടുള്ളത്. ബേണ്‍മൗത്ത് താരം റയാന്‍ ഫ്രേസര്‍ 10 അസിസ്റ്റുമായി രണ്ടാമതുണ്ട്. ഇവിടെയും സിറ്റിയുടെ ആധിപത്യമുണ്ട്. റഹിം സ്റ്റെര്‍ലിങ്, ലെറോ സാനെ എന്നിവര്‍ ഒന്‍പത് അസിസ്റ്റ് നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയും ഒന്‍പത് അസിസ്റ്റുമായി കളംവാണു. മുന്‍ കോച്ച് ബെഞ്ചിലിരുത്തിയ പോഗ്ബ കളിക്കളത്തിലേക്കു തിരിച്ചെത്തിയിട്ട് അധികമായിട്ടില്ല.
ഈ മാസം 30ന് ഫുള്‍ഹാമുമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. അതില്‍ ജയിച്ചാല്‍ സിറ്റി വീണ്ടും ഒന്നാമതെത്തും. 31ന് ടോട്ടനവുമായാണ് ലിവര്‍പൂളിന്റെ മത്സരം. ലിവറിന് അതത്ര എളുപ്പമാവില്ല എന്നത് സിറ്റിക്ക് ഏറെ ഗുണം ചെയ്യും. യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് ആദ്യ ആറിലുള്ള ടോട്ടനവും ചെല്‍സിയും കടുത്ത ഭീഷണിയുയര്‍ത്തും. ഇവര്‍ക്കെതിരേയുള്ള മത്സരം രണ്ടും ഹോം ഗ്രൗണ്ടിലാണ്. സിറ്റിക്കുള്ള മത്സരങ്ങളില്‍ ടോട്ടനവുമായുള്ളത് ഹോംഗ്രൗണ്ടിലാണെന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നു. അതേസമയം യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ചെന്നാണ് നേരിടുക. റൊമേലു ലുക്കാക്കുവിനും ആന്റണി മാര്‍ഷ്യലിനും പരുക്കേറ്റത് യുനൈറ്റഡിന് ഭീഷണിയാവും. ഏപ്രില്‍ 20ന് ആണ് ടോട്ടനവുമായുള്ള സിറ്റിയുടെ പോരാട്ടം. 24നാണ് സിറ്റിയും യുനൈറ്റഡും തമ്മിലുള്ള മത്സരം. മാര്‍ച്ച് 31ന് ആന്‍ഫീല്‍ഡിലാണ് ലിവര്‍-ടോട്ടനം പോരാട്ടം.
ടോട്ടനത്തിനെതിരേ 3-1നായിരുന്നു സിറ്റിയുടെ വിജയം. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ സമനില പിടിച്ച യുനൈറ്റഡ് മുന്നോട്ടുള്ള പ്രയാണത്തില്‍ ഭീഷണിയുയര്‍ത്തുമെങ്കിലും ചെല്‍സിക്കെതിരേ വലിയ മാര്‍ജിനില്‍ വിജയിച്ചത് സിറ്റിക്കു മുന്‍തൂക്കം നല്‍കും.
അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 24കാരനായ സൗള്‍ നിഗേസിനെ കൂടി ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി സിറ്റി മുന്നോട്ടുപോവുകയാണ്. ഫെര്‍നാന്‍ഡിഞ്ഞോയുടെ പകരക്കാരനായാണ് യുവ മിഡ്ഫീല്‍ഡറെ പെപ് ഗാര്‍ഡിയോള ടീമിലെത്തിക്കുന്നത്. ഏപ്രില്‍ 19ന് ചാംപ്യന്‍സ് ലീഗില്‍ ടോട്ടനത്തെ നേരിടുന്നതിനു മുന്‍പായി വെംബ്ലിയില്‍ നടക്കുന്ന എഫ്.എ കപ്പ് സെമി ഫൈനലില്‍ സിറ്റി ബ്രൈടണെ നേരിടും. അതിനിടെ യുവന്റസ് താരം പൗലോ ഡിബാലയെ ലിവര്‍പൂള്‍ ടീമിലെത്തിക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. സലാഹ് ടീമിനായി കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുമെന്നും പരിശീലകന്‍ പറയുന്നു. എങ്കില്‍ പ്രീമിയര്‍ ലീഗില്‍ പൊടി പാറുമെന്നുറപ്പ്. ചാംപ്യന്‍സ് ലീഗില്‍ സിറ്റിയും ലിവര്‍പൂളും ഇതിനകം ക്വാര്‍ട്ടറില്‍ കടന്നിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."