അഴിമതി വിരുദ്ധ പോരാട്ടം: സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് കമ്പനി കുടുംബത്തിന് നഷ്ടമായി
റിയാദ്: രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് (എസ്.ബി.ജി) കമ്പനി ബിന്‍ലാദന്‍ കുടുംബത്തിന് നഷ്ടമായി.
അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കമ്പനി ഏറ്റെടുത്ത സര്‍ക്കാര്‍ കമ്പനി നടത്തിപ്പ് പുതിയ കമ്പനിയായി രൂപപ്പെടുത്തി പുതിയ ടീമിന് കൈമാറിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ വിദേശികളടക്കം ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിര്‍മാണമേഖലയിലുള്ള കമ്പനിയിലെ പ്രതിസന്ധികള്‍ ഒഴിയുമെന്നാണ് കരുതുന്നത്. സഊദി ബിസിനസ് പ്രമുഖനായ ഖാലിദ് നഹാസ് ആണ് പുതിയ ബിന്‍ലാദന്‍ ഗ്രൂപ്പ് ഗ്ലോബല്‍ ഹോള്‍ഡിങ് കമ്പനിയുടെ ചെയര്‍മാന്‍.
പുതിയ കമ്പനിയുടെ 36.22 ശതമാനം ഓഹരികളും സഊദി സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഇസ്തിദാമയാണ് പങ്കിട്ടത്. ബാക്കിയുള്ള 63.78 ശതമാനം ഓഹരികളും ബിന്‍ലാദന്‍ കമ്പനി ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഇന്‍വെസ്റ്റ്‌മെന്റിനു കീഴിലാണ്. കമ്പനി ബോര്‍ഡില്‍ ബിന്‍ ലാദന്‍ കുടുംബത്തില്‍ നിന്നു രണ്ടു പേര്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
സഹോദരങ്ങളായ സഅദ് ബിന്‍ലാദന്‍, അബ്ദുല്ലാഹ് ബിന്‍ ലാദന്‍ എന്നിവരാണ് പുതിയ ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഇതോടെ ബിന്‍ ലാദന്‍ കുടുംബത്തിന് നേരത്തേയുണ്ടായിരുന്ന കമ്പനിയുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടമായി.
പുതിയ നടപടികളുടെ ഭാഗമായി ബിന്‍ലാദന്‍ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ക്ലൗസ് ഫ്രോളിച് രാജിവച്ചു. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി മൊര്‍ഗന്‍ സ്റ്റാന്‍ലി ഉദ്യോഗസ്ഥനായിരുന്ന ക്ലൗസ് ഫ്രോളിച് 2015 ല്‍ മക്കയില്‍ നടന്ന ക്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനെ നേരിടാനായി 2016 ലാണ് ചുമതല ഏറ്റെടുത്തത്.
കഴിഞ്ഞ വര്‍ഷം കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കേസിലെ കൂട്ട അറസ്റ്റില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിലെ സഹോദരന്മാരായ ബക്കര്‍ ബിന്‍ലാദന്‍, സാലിഹ് ബിന്‍ലാദന്‍, സഅദ് ബിന്‍ലാദന്‍ എന്നിവര്‍ അറസ്റ്റിലായതോടെയാണ് സഊദി സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഇസ്തിദാമ ഓഹരികള്‍ ഏറ്റെടുത്തത്.
ദശകങ്ങളായി സഊദിയുടെ വികസന പ്രക്രിയകളില്‍ സുപ്രധാന പങ്കു വാഹിച്ച ബിന്‍ലാദന്‍ ഗ്രൂപ്പ,് മക്ക ഹറം വികസനത്തിലും സുപ്രധാന പങ്കു വഹിച്ചു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."