മുകേഷിനെ മാറ്റിയില്ലെങ്കില്‍ അവാര്‍ഡ് സ്വീകരിക്കില്ല: ടി. ദീപേഷ്
കണ്ണൂര്‍: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്ന നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രശസ്ത സിനിമാ സംവിധായകന്‍ ടി. ദീപേഷ് സാംസ്‌കാരിക മന്ത്രിക്ക് കത്തയച്ചു. മുകേഷ് സ്വാഗതസംഘം ചെയര്‍മാനായ ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നു കാണിച്ചാണ് ദീപേഷ് കത്തയച്ചത്. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'സ്വനം' സിനിമ സംവിധാനം ചെയ്തത് ദീപേഷാണ്. സി.പി.എം നേതാവും കൂത്തുപറമ്പ് നഗരസഭ മുന്‍ അധ്യക്ഷയുമായ സി.വി മാലിനിയുടെ മകനായ ദീപേഷ് ഇടതുപക്ഷ എം.എല്‍.എ മുകേഷിനെതിരേ നിലപാട് സ്വീകരിച്ചത് ഇതിനകം പ്രദേശത്തെ പാര്‍ട്ടി അണികള്‍ക്കിടയിലും സിനിമാ മേഖലയിലും ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുമുന്നണിയും സര്‍ക്കാരും മുന്നോട്ടുവച്ച സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാണെന്നും ദീപേഷ് കത്തില്‍ പറയുന്നു. ഇതു പൊതുസമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം എത്തിക്കുമെന്നും അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കുന്നതാണെന്നും മുകേഷിനെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും ദീപേഷ് കത്തില്‍ ആവശ്യപ്പെട്ടു. 2016ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദീപേഷിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."