വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; ഇന്നലെ ഉപയോഗിച്ചത് 83.08 ദശലക്ഷം യൂനിറ്റ്
#ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 83.0865 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.
ഒറ്റ ദിവസം കൊണ്ട് 30.48 ലക്ഷം യൂനിറ്റ് വര്‍ധനവുണ്ടായി. 2018 ഏപ്രില്‍ 30 ലെ 80.9358 ദശലക്ഷം യൂനിറ്റാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. 2016 ഏപ്രില്‍ 26ന് ഉപയോഗം 80.6 ദശലക്ഷം യൂനിറ്റില്‍ എത്തിയെങ്കിലും 2017 ല്‍ പരമാവധി ഉപയോഗം 77.57 ദശലക്ഷം യൂനിറ്റ് വരയേ എത്തിയുള്ളൂ. മുന്‍കാലങ്ങളില്‍ ഏപ്രില്‍ അവസാനമാണ് ഉപയോഗത്തില്‍ വര്‍ധനയുണ്ടായതെങ്കില്‍ ഇക്കുറി മാര്‍ച്ച് പകുതി പിന്നിട്ടപ്പോള്‍ തന്നെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത് ദുസ്സൂചനയായാണ് കെ.എസ്.ഇ.ബി കാണുന്നത്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുകയും താപനില കുറയാതിരിക്കുകയും ചെയ്താല്‍ ഉപയോഗം 85 - 87 ദശലക്ഷം യൂനിറ്റിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. വൈദ്യുതി ഉപയോഗത്തിലെ ഇപ്പോഴത്തെ കുതിച്ചുകയറ്റം അക്ഷരാര്‍ത്ഥത്തില്‍ കെ.എസ്.ഇ.ബിയെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റായിരുന്നത് ഇന്നലെ ഒറ്റയടിക്ക് 83 ദശലക്ഷം യൂനിറ്റിലേക്ക് കുതിച്ചു കയറുകയായിരുന്നു. തിങ്കള്‍ 80.038 ദശലക്ഷം യൂനിറ്റ്, ഞായര്‍ 73.616, ശനി 79.438, വെള്ളി 80.572, വ്യാഴം 80.882, ബുധന്‍ 80.273, ചൊവ്വ 80.39 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വൈദ്യുതി ഉപയോഗം.
ഈ സാഹചര്യത്തില്‍ കേന്ദ്ര വൈദ്യുതിയില്‍ കുറവുണ്ടായത് കേരളത്തിന് ഇരുട്ടടിയായി. രാമകുണ്ഡം, താള്‍ച്ചര്‍ താപ നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം ഉത്പ്പാദനം കുറഞ്ഞ് കേരളത്തിലേക്കുള്ള കേന്ദ്രപൂള്‍ വൈദ്യുതി കുറഞ്ഞത് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധി തരണം ചെയ്യാന്‍ കെ.എസ്.ഇ.ബി ആഭ്യന്തര ഉത്പ്പാദനം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. 27.406 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉത്പ്പാദനം. 55.6806 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. ഒരു ദിവസം പരമാവധി 68.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി വരെ പുറത്തുനിന്നും എത്തിക്കാനുള്ള ശേഷി ഗ്രിഡിനുണ്ട്. 2950 മെഗാവാട്ട് വരെ സംസ്ഥാനത്തേക്ക് ഒരു സമയം കൊണ്ടുവരാന്‍ സാധിക്കും.
കടുത്ത ചൂടും ഒളിച്ചുകളി തുടരുന്ന മഴ മേഘങ്ങളും പ്രതീക്ഷ വറ്റിച്ച് സംസ്ഥാനത്തെ ജലസംഭരണികളില്‍ ജലനിരപ്പ് താഴുകയാണ്. ഈ നില തുടര്‍ന്നാല്‍ വേനലിന്റെ മൂര്‍ദ്ധന്യത്തില്‍ തന്നെ പല അണക്കെട്ടുകളും കാലിയാകുമെന്ന യാഥാര്‍ഥ്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നതിനൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രതികൂലമായി ബാധിക്കും.
ശുദ്ധ ജലത്തിനായി അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്ന പതിനായിരങ്ങളാണ് താഴ്‌വരകളില്‍ അധിവസിക്കുന്നത്. സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."