കോലീബി തുരുമ്പെടുത്ത പ്രചാരണം: കെ. മുരളീധരന്‍
കോഴിക്കോട്: പരാജയം മണത്തപ്പോള്‍ സി.പി.എം ജയിക്കാന്‍ നടത്തുന്ന തരംതാണ പ്രചാരണമാണ് 'കോലീബി'യെന്നും ഇത് തുരുമ്പെടുത്ത പ്രചാരണമാണെന്നും യു.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയും കെ.പി.സി.സി പ്രചാരണ വിഭാഗം അധ്യക്ഷനുമായ കെ. മുരളീധരന്‍. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'ലോക്‌സഭ 2019' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വ്യക്തിപരമായി ദ്രോഹിക്കാനും കേസ് കൊടുക്കാനുമൊക്കെ ശ്രമിച്ചയാളാണ് കുമ്മനം രാജശേഖരന്‍. അങ്ങനെയൊരാളെ ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ താന്‍ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് വണ്ടികയറുമോയെന്നും മുരളീധരന്‍ ചോദിച്ചു.
ബി.ജെ.പിക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാവരുത് എന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പക്ഷെ, മുഖ്യമന്ത്രി മറിച്ചാണ് പറയുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ മത്സരത്തെക്കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചത് ഒരു വിശ്വപൗരനും സന്ന്യാസിയും തമ്മിലുള്ള മത്സരമാണെന്നാണ്.
സന്ന്യാസി കുമ്മനമായിരിക്കും. അവിടെ കോണ്‍ഗ്രസും ബി.ജെ.പിയുമാണ് മത്സരമെന്നാണ് മുഖ്യമന്ത്രി തന്നെ സൂചിപ്പിക്കുന്നത്. എന്നുവച്ചാല്‍ അവര്‍ക്ക് പിന്തുണ കൊടുക്കുമെന്നാണ് അര്‍ഥം. അപ്പോള്‍ കോലീബിക്ക് പകരം തങ്ങള്‍ മാബി (മാര്‍ക്‌സിസ്റ്റ്- ബി.ജെ.പി) കൂട്ട് കെട്ടെന്നാണ് പറയുക.
വടകര മണ്ഡലം വെല്ലുവിളിയുള്ളതാണ്. 10 വര്‍ഷം മുന്‍പ് വരെ എല്‍.ഡി.എഫിന്റെ ചോദ്യം ചെയ്യാന്‍ പറ്റാത്ത മണ്ഡലമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു പരിശോധിച്ചാല്‍ 85,000ത്തോളം വോട്ടിന്റെ ലീഡ് അവര്‍ക്കുണ്ട്. സീറ്റ് ഷുവര്‍ സീറ്റായി കാണാന്‍ കഴിയില്ല. സീറ്റ് നിലനിര്‍ത്തുക, എതിര്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുക. ഇതിനാണ് താന്‍ വന്നിരിക്കുന്നത്. യുദ്ധം നടത്തി ജയിക്കാനാണ്, അല്ലാതെ ചാവേറായിട്ടല്ല വന്നിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫ് കേരളത്തില്‍ ചുരുങ്ങിയത് 15 മുതല്‍ 16 വരെ സീറ്റില്‍ വിജയിക്കും.
ചിലപ്പോള്‍ യു.ഡി.എഫ് 20 ട്വന്റി അടിക്കും. വടകര, വയനാട് മണ്ഡങ്ങളില്‍ തങ്ങളെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് എ.ഐ.സി.സിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന്റെ വിഷയമില്ല. കെ.പി.സി.സി പ്രചാരണ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ ചുമതലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."