ജോര്‍ജ് ഫ്ളോയിഡ് വധം യു.എസില്‍ പ്രതിഷേധം കത്തുന്നു
മിനിയാപോളിസ്: യു.എസില്‍ കറുത്തവര്‍ഗക്കാരനായ യുവാവിനെ കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ പ്രതിയായ പൊലിസുകാരനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. പൊലിസ് ഓഫിസറായ ഡെറിക് ഷോവിനെയാണ് കൊല നടന്ന് നാലു ദിവസത്തിനുശേഷം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലക്കുറ്റവും തേര്‍ഡ് ഡിഗ്രി മര്‍ഡറും ഇയാള്‍ക്കുമേല്‍ ചുമത്തുന്നതായി ഹെന്നപിന്‍ കൗണ്ടി അറ്റോര്‍ണി മൈക് ഫ്രീമാന്‍ പ്രഖ്യാപിച്ചു.
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പൊലിസുകാരന് അഞ്ചു മിനുട്ടോളം സമയം കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് യുവാവ് കേണു പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ചെവികൊള്ളാതെ പൊലിസുകാരന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ നാലു പൊലിസുകാര്ക്കുമെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് മിനിയാപോളിസിലും മറ്റു നഗരങ്ങളിലും നടന്നത്. പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷന് കത്തിക്കുകയും ചെയ്തു.
മിനിയാപോളിസ് മേയറും സമരക്കാര്‍ക്കൊപ്പം നിന്നു. എന്നാല്‍ സമരക്കാരെ കവര്ച്ചാരെന്ന് ആക്ഷേപിച്ച പ്രസിഡന്റ് ട്രംപ് കവര്‍ച്ച തുടര്‍ന്നാല്‍ വെടിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതിയായ പൊലിസ് ഓഫിസര്‍ ഡെറിക് ഷോവിനെ പൊലിസ് കസ്റ്റഡിയിലെടുത്തതായി വെള്ളിയാഴ്ച മിനെസോട്ട കമ്മീഷണര്‍ ജോണ്‍ ഹെരിങ്ടണ്‍ അറിയിച്ചിരുന്നു.
ഇയാള്‍ക്കൊപ്പം ഫ്ളോയിഡിനെ പിടികൂടാനുണ്ടായിരുന്ന മറ്റു മൂന്നു പൊലിസുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്കെതിരേ എന്തെല്ലാം കുറ്റം ചുമത്തണമെന്നത് അന്വേഷിച്ചുവരുകയാണെന്ന് ഫ്രീമാന്‍ പറഞ്ഞു.
അതേസമയം കൊല നടത്തിയ പൊലിസ് ഓഫിസര്‍ക്കെതിരേ ഒന്നാംതരം കൊലക്കുറ്റം ചുമത്തണമെന്ന് ഫ്ളോയിഡിന്റെ കുടുംബത്തിന്റെ അറ്റോര്‍ണി ബെന്‍ ക്രംപ് ആവശ്യപ്പെട്ടു. യു.എസിലെ നിയമമനുസരിച്ച് ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയാലേ ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷയെങ്കിലും ലഭിക്കുകയുള്ളൂ. പ്രക്ഷോഭം ശക്തമായതോടെ മിനിയാപോളിസില്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ മിഷിഗണില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പില്‍ ഒരു 19കാരന് കൊല്ലപ്പെട്ടു. വൈറ്റ്ഹൗസിനു മുന്നില്‍ രഹസ്യാന്വേഷണ വിഭാഗം പൊലിസുകാരും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ വൈറ്റ്ഹൗസില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
അതിനിടെ മിനിയാപോളിസില്‍ സമരക്കാേെരരിടാന് പൊലിസിനു പുറമെ 350 ദേശീയ ഗാര്‍ഡിനെയും വിന്യസിച്ചു. പിരിഞ്ഞുപോകാത്ത സമരക്കാരെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരക്കാര്‍ പെട്രോള്‍ സ്റ്റേഷനും ബാങ്കിനും പോസ്റ്റ് ഓഫിസ് കെട്ടിടത്തിനും തീവച്ചതോടെയാണിത്. സമരക്കാര്‍ ലൂയിസ്വില്ലയില്‍ കോടതി കെട്ടിടത്തിന് തീയിട്ടു.
അറ്റ്ലാന്റയില്‍ പൊലിസ് കാര്‍ സമരക്കാര്‍ കത്തിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലും സമരക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. പ്രതിഷേധം അക്രമാസക്തമായതോടെ ജോര്‍ജിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കര്‍ഫ്യൂ ലംഘിച്ചും ആളുകള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."