ജലവും മണ്ണും സംരക്ഷിച്ചുള്ള സുസ്ഥിര ജലവിനിയോഗം വേണം: ഗവര്‍ണര്‍
തിരുവനന്തപുരം: ജലവും മണ്ണും സംരക്ഷിക്കാനാകും വിധമുള്ള സുസ്ഥിരവും സംയോജിതവുമായ ജലവിനിയോഗ മാര്‍ഗങ്ങള്‍ നാം ആലോചിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സര്‍ക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോക ജലദിനാചരണത്തിന്റെയും സെമിനാറിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മരങ്ങളും മലകളും നദികളും ഒക്കെയായി പ്രകൃതി വിഭവങ്ങള്‍ സമൃദ്ധമായിട്ടും വരള്‍ച്ചയും ജലക്ഷാമവും കേരളത്തില്‍ ഒരു യാഥാര്‍ഥ്യമാണ്. മുന്‍കാലങ്ങളില്‍ അശാസ്ത്രീയമായി ജലവും പ്രകൃതി വിഭവങ്ങളും ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ ഫലമാണിത്. 2018ലെ പ്രളയം നമുക്ക് പാഠവും മുന്നറിയിപ്പുമാകണം. ഭൂഗര്‍ഭ ജലനിരപ്പ് ക്രമേണ കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ഉയര്‍ത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. മേല്‍മണ്ണ് നഷ്ടമാകുന്നതും ജലം നിലനിര്‍ത്തുന്നതിന് തടസമാകുന്നുണ്ട്. അരുവികളും കുളങ്ങളും പുനരുദ്ധരിക്കുന്നതും നവീകരിക്കുന്നതും ജലം ശേഖരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ഉപരിതല ജലത്തിന്റെ കാര്യത്തിലും ശാസ്ത്രീയമായ ഇടപെടല്‍ വേണം. അങ്ങനെയുണ്ടായാല്‍ വരള്‍ച്ചയും പ്രളയവും മറികടക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചടങ്ങില്‍ ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അധ്യക്ഷനായി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജിയനല്‍ ഡയരക്ടര്‍ വി. കുഞ്ഞമ്പു, ജലനിധി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഐ.ഡി.ആര്‍.ബി ചീഫ് എന്‍ജിനീയര്‍ കെ.എച്ച് ഷംസുദ്ദീന്‍, യു.എന്‍ പ്രതിനിധി ഡച്ച് ഡിസാസ്റ്റര്‍ റിഡക്ഷന്‍ മിഷനിലെ ഡോ.സൈമണ്‍ വാര്‍ണര്‍ഡാം തുടങ്ങിയവര്‍ സംബന്ധിച്ചു. ഭൂജല വകുപ്പ് ഡയരക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ ജോഷി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജലസംരക്ഷണം സംബന്ധിച്ച് വിവിധ സെഷനുകളിലായി സെമിനാറും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."