മൂന്നാര്‍ കൈയേറ്റം: ദേവികുളം സബ് കലക്ടര്‍ക്ക് സുരക്ഷ ശക്തമാക്കി
തൊടുപുഴ: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് പൊലിസ് സുരക്ഷ ശക്തമാക്കി. സി.ഐ ഉള്‍പ്പെടെ എട്ടു പൊലിസുകാര്‍ റവന്യു സംഘത്തിന്റെ സുരക്ഷയ്‌ക്കെത്തും. ആവശ്യം വന്നാല്‍ കൂടുതല്‍ പൊലിസിനെയും സുരക്ഷയ്ക്കായി നിയോഗിക്കും. അതേസമയം, ദേവികുളം കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ റിപ്പോര്‍ട്ട് നല്‍കി.
ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പൊലിസിന്റെ സഹായം തേടിയത്. റവന്യു മന്ത്രി മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ച് പൊലിസിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ജില്ലാ പൊലിസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മര്‍ദിക്കുകയും സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. യഥാസമയം നടപടിയെടുക്കുന്നതില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന് സബ് കലക്ടറും ജില്ലാ കലക്ടറും സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കാന്‍ പോകുന്ന വിവരം റവന്യു അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്. പൊലിസ് എത്തുന്നതിന് മുന്‍പാണ് കൈയേറ്റം നടന്നത്. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനു ശേഷമാണ് പൊലിസിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഭൂമി കൈയേറിയതിന് ദേവികുളം സ്വദേശി റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്‍ മണിക്കെതിരേയും ഭൂസംരക്ഷണ സേനാംഗത്തെ കൈയേറ്റം ചെയ്തതിന് പഞ്ചായത്തംഗം സുരേഷ് കുമാര്‍, ഡി.വൈ.എഫ്.ഐ നേതാവ് ജോബി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."