കോടിയേരിയുടെ മറുപടി സി.പി.ഐയെ മുറിവേല്‍പ്പിക്കാതെ
കണ്ണൂര്‍: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിര്‍മശനത്തിന് അവരെ കടന്നാക്രമിക്കാതെ സി.പി.എമ്മിന്റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കാനത്തിന്റെ ഓരോ വിമര്‍ശനത്തിനും കൃത്യമായുള്ള ഉത്തരത്തിനൊപ്പം മുന്നണിബന്ധം നിലനിര്‍ത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നാല്‍, സി.പി.ഐയെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ കോടിയേരി പ്രത്യേകം ശ്രദ്ധിച്ചു. മുന്നണി ബന്ധത്തിനു ഉലച്ചില്‍ തട്ടാതെയുള്ള തികച്ചും മാന്യമായ മറുപടി കൂടിയായിരുന്നു സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടേത്.
പതിനൊന്നു മാസത്തെ സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. ഭരണത്തില്‍ ജനങ്ങള്‍ക്ക് നിരാശയില്ലെന്നു പറഞ്ഞതിനൊപ്പം ശത്രുപക്ഷത്തിന്റെ കുത്തിത്തിരിപ്പില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പും സി.പി.ഐക്ക് നല്‍കി. പഴയ ഏറ്റുമുട്ടലില്‍ മുന്നണിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയം വരെ എടുത്തുകാട്ടി അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും സി.പി.ഐയെ നേരിട്ടു പരാമര്‍ശിക്കാതെ കോടിയേരി വ്യക്തമാക്കി.
ഇതിനിടെ എല്‍.ഡി.എഫിലും യു.ഡി.എഫിലും പ്രവര്‍ത്തിച്ച സി.പി.ഐക്കു സി.പി.എമ്മിനേക്കാള്‍ അനുഭവ പാഠമുണ്ടെന്നു പറഞ്ഞ് പരിഹസിക്കാനും കോടിയേരി മറന്നില്ല. സി.പി.ഐ സഹോദര പാര്‍ട്ടിയാണെന്നു വ്യക്തമാക്കിയ സി.പി.എം സംസഥാന സെക്രട്ടറി നേട്ടങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി. കാനത്തിന്റെ പരാമര്‍ശത്തിന് സംസ്ഥാന സെക്രട്ടറി തന്നെ മറുപടി നല്‍കിയാല്‍ മതിയെന്ന സി.പി.എം തീരുമാനത്തെ തുടര്‍ന്നാണ് കോടിയേരി രംഗത്തെത്തിയത്.
55 മിനുറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തിലുടനീളം പക്വതയോടെയായിരുന്നു കോടിയേരിയുടെ ഓരോ വാക്കുകളും. കഴിഞ്ഞ വ്യാഴാഴ്ച സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിനു ശേഷമായിരുന്നു കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേയുള്ള വിമര്‍ശനമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."