ബി.ജെ.പിക്ക് ബദലൊരുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം: ശരദ് പവാര്‍
കൊച്ചി: ബി.ജെ.പിക്ക് ശക്തമായ ബദല്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍. കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി ബി.ജെ.പി മുന്നേറുകയാണ്.
ഇതിനെതിരേ സമാനമനസ്‌കരായ മതേതര-പുരോഗമന പാര്‍ട്ടികള്‍ യോജിക്കണം. ഇത്തരം ശക്തികളെ യോജിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് ഗോവയില്‍ ബി.ജെ.പി സര്‍ക്കാരിന് എന്‍.സി.പി എം.എല്‍.എ ചര്‍ച്ചില്‍ അലിമാവോ പിന്തുണ നല്‍കിയത്. ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കരുതി മൂന്നുദിവസം കാത്തിരുന്നു. കോണ്‍ഗ്രസ് അതിന് തയാറാകാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്. സര്‍ക്കാരിനുള്ള പിന്തുണയായി അതിനെ കാണേണ്ടതില്ലെന്നും പവാര്‍ പറഞ്ഞു.
രാജ്യമെമ്പാടും ഗോവധം നിരോധിക്കണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യത്തോട് യോജിപ്പില്ല.
രാമക്ഷേത്രം പണിയുമെന്ന യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന അനുചിതമാണ്. മതേതരവിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ് യു.പിയിലും രാജസ്ഥാനിലും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍. ഇതിനെതിരേ രാജ്യവ്യാപകമായ പ്രചാരണങ്ങള്‍ കേരളത്തില്‍ നിന്നാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ ശശീന്ദ്രന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും ശരദ് പവാര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍, സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മന്ത്രി തോമസ് ചാണ്ടി, ന്യൂനപക്ഷ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി എന്‍.സി മുഹമ്മദ്കുട്ടി, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."