തെരഞ്ഞെടുപ്പിനു മുന്‍പ് മഹാസഖ്യം പ്രായോഗികമല്ല: കാരാട്ട്
കണ്ണൂര്‍: തെരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം പ്രായോഗികമല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മതേതര കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കുമെന്നും അദ്ദേഹം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
മോദി സര്‍ക്കാരിനെ താഴെയിറക്കലാണു പ്രധാന ദൗത്യം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വികാരം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയൂ. തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പിക്കെതിരേ ഉറച്ചുനില്‍ക്കുന്നവരെല്ലാം ഇതു കഴിഞ്ഞാലും ബി.ജെ.പി വിരുദ്ധ സര്‍ക്കാരിനായി കൈകോര്‍ക്കുമെന്നാണു പ്രതീക്ഷ. അതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ നീക്കങ്ങളില്‍ പ്രതീക്ഷയുണ്ട്.
തീവ്ര ദേശീയത ഉയര്‍ത്തിയുള്ള ബി.ജെ.പിയുടെ പ്രതിരോധത്തെ നേരിടുന്നതില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി ധൈര്യം കാണിക്കേണ്ടതുണ്ട്. ഹിന്ദുത്വ ശക്തികളോടു മൃദുസമീപനം സ്വീകരിക്കുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു ഭീഷണിയാണ്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി നയം തുടരുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതു മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറാകണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."