യു.പിയില്‍ ട്രെയിന്‍ പാളംതെറ്റി 15 പേര്‍ക്ക് പരുക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്-ലഖ്നൗ രാജ്യറാണിഎക്സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളം തെറ്റി. റാംപൂരിനും മുണ്ഡപാണ്ഡക്കും ഇടയില്‍ ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തവിട്ടു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരുക്കേറ്റ ഓരോരുത്തര്‍ക്കും 25,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. രാത്രി 10ഓടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
റെയില്‍ പാളത്തിന്റെ മൂന്നടിയോളം ഭാഗം മാറിയതാണ് ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണമെന്ന് റാംപൂര്‍ പൊലിസ് സൂപ്രണ്ട് കെ.കെ ചൗധരി അറിയിച്ചു. ട്രെയിന്‍ പാളം തെറ്റിയതോടെ യാത്ര തടസപ്പെട്ട സാഹചര്യത്തില്‍ യാത്രക്കാരെ റെയില്വേഏര്പ്പെടുത്തിയ പ്രത്യേക ബസുകളിലാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്.
സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭീകര വിരുദ്ധ സ്ക്വാഡ് ഐ.ജി അസിം അരുണിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് 30ന് ഉത്തര്‍പ്രദേശില്‍ മഹാകോഷല്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 25 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."