ലൈഫ് മിഷന്‍ രണ്ടാംഘട്ടം; ആദ്യഗഡു ഭൂമിയുള്ള ഭവന രഹിതര്‍ക്ക്
കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ്മിഷന്‍ രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ ഭൂമിയുള്ള ഭവന രഹിതര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ആദ്യഗഡു നല്‍കുന്നത്. 1,57,554 പേരാണ് ഭൂമിയുള്ള ഭവനരഹിതരായുള്ളത്. ഇവരില്‍ എസ്.സി വിഭാഗം 21,124 പേരും എസ്.ടി വിഭാഗത്തില്‍ 6,160 പേരും ജനറല്‍ വിഭാഗത്തില്‍ 1,30,270 പേരുമാണുള്ളത്.ഇവര്‍ക്കുള്ള ആദ്യഗഡു ഈമാസം അവസാനത്തോടെ നല്‍കും. ഇതോടൊപ്പം ഭൂരഹിത ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മാണം ആരംഭിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഗ്രാമസഭകള്‍ പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ ഭരണസമിതി അംഗീകാരം നല്‍കിയ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഗഡു നല്‍കുക. ഗുണഭോക്തൃ ലിസ്റ്റ് പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. ലൈഫ് മിഷന്‍ ഗുണഭോക്താക്കളില്‍ അനുമതി പത്രം ലഭിച്ചവര്‍ ഭവന നിര്‍മാണ പെര്‍മിറ്റ്, ധാരണപത്രം, ബങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നിര്‍വഹണ ഉദ്യോഗസ്ഥനെ കാണിച്ച് ആദ്യഗഡു സഹായം കൈപ്പറ്റണം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നാണ് ആദ്യഗഡു നല്‍കേണ്ടത്. ഇതിനായി 20 ശതമാനം ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ പി.എം.എ.വൈ പദ്ധതിയില്‍ വിഹിതം മാറ്റിയതിനു ശേഷമുള്ള തുകയാണ് ലൈഫ് മിഷനായി കൈമാറേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."